സഹയാത്രികര്‍

Monday, January 24, 2011

വധശിക്ഷ


ഫാനില്‍ മകള്‍ കെട്ടിയിട്ട ഷാളിന്‍റെ കുരുക്കില്‍ തല കയറ്റുമ്പോള്‍ അവളുടെ ചിന്ത പിന്നിലേക്ക്‌ പോയി . മലയോരഗ്രാമത്തിലെ തന്‍റെ വീടിനുള്ളില്‍, മുളകും ഉള്ളിയും വെളിച്ചെണ്ണയും കൂട്ടി അമ്മ അരച്ച ചമന്തിയും വെന്ത മരച്ചീനിയും കട്ടന്‍ ചായയുടെയും സ്വാദ് നാവിലൂടെ ഒലിച്ചിറങ്ങി. കുരുക്കിനുള്ളിലെ തലയിലെ നാവിലൂടെ അത് ഒലിച്ചിറങ്ങിയപ്പോള്‍ അവള്‍ക്കു തെല്ലോരതിശയം തോന്നി തന്‍റെ വായില്‍ ഇപ്പോഴും ഉമിനീരോ ?
എത്ര പെട്ടെന്നാണ് കാലം കടന്നു പോയത്. വീട്ടിലും കുന്നിന് പുറത്തും പൂതുമ്പിയെപ്പൊലെ പറന്നു നടന്ന തന്നെ ആദ്യമായി അമ്മയും അച്ചനും ചേര്‍ന്ന് സ്കൂളില്‍ കൊണ്ടാക്കിയത്‌, ഉണ്ടകണ്ണുള്ള ടീച്ചറെ ഏല്‍പ്പിച്ച് നല്ലകുട്ടിയായി പഠിക്കണമെന്ന് പറഞ്ഞു എന്നെ ക്ലാസിലാക്കി തിരിച്ചുപോന്നത്‌, രണ്ടാം ക്ലാസ്സിലേക്ക് ജയിച്ച സന്തോഷത്തില്‍ സ്കൂളില്‍ പോയി മടങ്ങി വരുമ്പോള്‍ പാവം ടീച്ചര്‍ മാത്രം ഒന്നാം ക്ലാസ്സില്‍ തോറ്റു പോയെന്നു പറഞ്ഞു കരഞ്ഞതിന് കുഞ്ഞു കവിളില്‍ നുള്ളി അമ്മ ഉമ്മ വെച്ചത്. കൂടുതല്‍ പഠിക്കണമെന്ന് പറഞ്ഞു കരഞ്ഞിട്ടും അനുവദിക്കാതെ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുത്തത് ......
ഒരുപാട് പ്രതീക്ഷകളുമായാണ് വിവാഹ ജീവിതത്തിലേക്കു കടന്നു വന്നത്. എല്ലാ പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞ് ദുരിതങ്ങള്‍ ഒന്നൊന്നായി ജീവിതത്തിലേക്ക് കടന്നു വന്നു. ജീവിതത്തില്‍ ദൈവത്തെ പോലെ എന്നും മനസ്സില്‍ കരുതുന്ന ഭര്‍ത്താവിന്‍റെയും അമ്മയുടെയും പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും, നൊന്തുപ്രസവിച്ച മോള്‍ക്ക്‌ ഇതൊന്നും വരല്ലേ എന്നു ‍ മനസുരികി അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിച്ചു ...." ചാകാന്‍ നേരത്തും പണ്ടാരത്തള്ളക്കെന്താ ഒരാലോചന. പണ്ടാരം ഒന്ന് ചത്തിരുന്നെങ്കില്‍ സ്വസ്ഥമായിട്ട് സീരിയല്‍ കണ്ടുതീര്‍ക്കാമായിരുന്നു. മകളുടെ ശബ്ദം അവളെ ചിന്തയില്‍ നിന്നുണര്‍ത്തി.
'പെട്ടന്ന് വേണം, കൊണ്ടു കുഴിച്ചിട്ടിട്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യനുള്ളതാ . ഇത്രയും പറഞ്ഞു മോള് വീണ്ടും ടി.വി.യുടെ മുമ്പിലേക്ക് പോയി , മകള്‍ ഫാനിന്റെ അടിയിലീക്ക് നീക്കിയിട്ടുതന്ന കട്ടിലില്‍ നിന്ന് ചാടാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. ചാടാന്‍ പോയിട്ട് ഒരടി എടുത്ത്തുവേക്കാന്‍ പോലും തനിക്കാവുന്നില്ലല്ലോ എന്നവള്‍ ചിന്തിച്ചു. മരിക്കാനും ദൈവമേ നീ എന്നെ അനുവധിക്കുന്നില്ലേ?. കുറെക്കാലമായിട്ട്‌ അമ്മായിഅമ്മ തിന്നാന്‍ തരുന്നത് ഇഷ്ടിക പൊടിച്ചതും വീട്ടിലെ എച്ചിലുമാണല്ലോ?. പലപ്പോഴും അതും കിട്ടാറില്ല. എല്ലും തോലുമായ തന്‍റെ ശരീരത്തില്‍ ഇനി പോകാന്‍ ഈ ജീവന്‍ മാത്രമാണല്ലോ ബാക്കി.അതും കൂടി ഇല്ലാതാകാന്‍ മകളുടെ കാരുണ്യത്തില്‍ അവസരം വന്നതാ, എന്നിട്ട് അതിനുമിപ്പോള്‍ ......
അമ്മയും അച്ചനും ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ, ആവോ. വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അറിഞ്ഞിട്ട് കാലങ്ങളേറെയായി. കാലങ്ങല്‍ക്കുമുമ്പ് ഒരു വൈകുന്നേരം അച്ചനെയും അമ്മയെയും ഭര്‍ത്താവും അമ്മയും ചേര്‍ന്ന് ആട്ടി പുറത്താക്കിയതിനുശേഷം ഇന്നേവരെ ഒന്ന് കാണാന്‍ കൂടി കഴിഞ്ഞിട്ടില്ല. അമ്മയുടെ ഹൃദയം എന്നെ ഓര്‍ക്കുന്നുണ്ടോ ആവോ?
മോളെയും തന്നില്‍ നിന്നുമകറ്റി. ആ കവിളിലൊരുമ്മ കൊടുക്കാന്‍ എത്ര ആഗ്രഹിച്ചതാ. ഇന്നേവരെ സാധിച്ചിട്ടില്ല. പിശാചുബാധ ഏറ്റവളുടെ പാല് കുടിച്ചാല്‍ മോള്‍ക്കും പിശാചു ബാധിക്കുമെന്നു പറഞ്ഞ്, ഒരു കവിള്‍ പാല് പോലും എന്‍റെ മോള്‍ക്ക്‌ കൊടുക്കാന്‍ അനുവധിച്ചില്ല. അമ്മേ എന്നൊരു വിളികേള്‍ക്കാന്‍ എത്ര കൊതിച്ചു. പക്ഷെ, ചെകുത്താന്‍, പണ്ടാരത്തള്ള, പിശാച്... പിന്നെയും ഓര്‍ക്കാന്‍ കൂടി അറക്കുന്ന പേരുകളാണ് അവള്‍ വിളിച്ചിട്ടുള്ളത് . ഇപ്പോള്‍ വിശപ്പ്‌ സഹിക്കാന്‍ പറ്റാത്തതിനാല്‍ കുറച്ച് തവിട് വാരിത്തിന്നതിനാണ് " ഈ പണ്ടാരതള്ളക്ക് മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ പോയി ചത്തൂടെ" എന്ന് ചോദിച്ച് വധ ശിക്ഷക്ക് വിധിച്ചത്.
എങ്ങനെയാണ് മോളെ ചാകുന്നത് എന്നു തിരിച്ചു ചോദിച്ചപ്പോഴാണ് 'വാ കാണിച്ചു തരാം എന്നു പറഞ്ഞ്, ഫാനില്‍ മോളുടെ ചുരിദാറിന്‍റെ ഷാളുകള്‍ കൂട്ടി കെട്ടി ഈ കൊലക്കയര്‍ ഒരുക്കിതന്നതും അവളുതന്നെ ഈ തള്ള എന്താ നിന്നും മോങ്ങുന്നത്? മോളുടെ ചോദ്യം അവളെ ചിന്തയില്‍ നിന്നുമുണര്‍ത്തി . ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടക്കു മ്പോള്‍ വീണ്ടും അവളുടെ ശബ്ദം " ഈ പിശാചിന്നു ചാകാന്‍ പറ്റത്തില്ലങ്കില്‍ ഞാന്‍ തന്നെ അതുചെയ്യാം .
മകള്‍ കട്ടിലിലേക്ക് കയറി . തന്‍റെ അന്ത്യമടുത്തെന്നുറപ്പിച്ച് അവസാനമായി അവള്‍ മകള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച് തീരുന്നതിനുമുമ്പേ മകളുടെ കാലുകള്‍ അവളെ ചവിട്ടി കട്ടിലില്‍ നിന്നും താഴെക്കിട്ടിരുന്നു. ഫാനില്‍ തൂങ്ങി മരണ വെപ്രാളം കാണിക്കുന്ന അമ്മയുടെ മരണം ഉറപ്പാക്കാന്‍ അവള്‍ ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്തിട്ട് കണ്ടു കൊണ്ടിരുന്ന സീരിയല്‍ ബാക്കി കാണാന്‍ മുറിയിലേക്കോടി


(മാധ്യമം ദിനപത്രത്തിന്‍റെ ഗള്‍ഫ് വാരപ്പതിപ്പായ ചെപ്പില്‍ 2010 മാര്‍ച്ചില്‍ 5ന്
പ്രസിദ്ധീകരിച്ചത്)