സഹയാത്രികര്‍

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, July 4, 2011

ഊരും പേരും ഇല്ലാത്തവളുടെ ദയാഹര്‍ജി






തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.
ഞാന്‍ നെയ്തുകൂട്ടിയ ഒരുപാട് സ്വപ്നങ്ങള്‍ നാളെ ഹോസ്പിറ്റലിലെ ടേബിളില്‍ വെച്ചു കഴുത്തറുത്ത് കൊല്ലപ്പെടും.
എനിക്ക് നിങ്ങളുടെ ലോകത്തെക്കുറിച്ചറിയില്ല അമ്മയുടെ കുഞ്ഞു വയറ്റില്‍ സ്വപ്നങ്ങള്‍ നെയ്തു കിടക്കുമ്പോള്‍ . വയറില്‍ തലോടി തല വയറ്റില്‍ ചേര്‍ത്തുവെച്ച് അച്ഛന്‍ പറഞ്ഞകിന്നര വര്‍ത്തമാനത്തില്‍ നിന്നാണ് ഞാനി ലോകത്തെക്കുറിച്ചറിയുന്നത്,
കാര്യങ്ങള്‍ തകിടം മറിയുന്നതിനുമുമ്പുള്ള ആ നല്ല നാളുകളിലെ ഓര്‍മകള്‍ ആരാച്ചാരുടെ കൊലക്കത്തി എന്‍റെ കഴുത്തിനു നേരെ നീളുംമുമ്പ് ഞാന്‍ നിങ്ങളുമായി പങ്ക് വെക്കുകുയാണ്.
ബധിര കര്‍ണ്ണ പുടങ്ങളില്‍ തട്ടി എന്‍റെ വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിക്കുമെന്നെനിക്കറിയാം, എന്നാലും ഇനിയും ലക്ഷക്കണക്കിന്‌ അമ്മമാരുടെ വയറ്റിനുള്ളില്‍ ഉരുവം കൊള്ളാന്‍ പോകുന്ന എന്‍റെ സഹോദരിമാര്‍ക്കുവേണ്ടി,
ഇടനെഞ്ചിലെ ശ്വാസം നിലച്ച് കഴുത്ത് വിണ്ട്‌ ചുടുചോര ചീറ്റി പിടഞ്ഞു മരിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിക്കട്ടെ ഈ ദയാഹര്‍ജി.-
പിറക്കുന്നതിനു മുമ്പേ നിങ്ങളുടെ വരവ് ചിലവ് കോളങ്ങളിലെ ഒരിനമായി ഞങ്ങളെ മാറ്റിയതാണ് ഞങ്ങളുടെ ജീവനുപോലും ഭീഷണിയായത്.
പിറവിയുടെ ദിനം മനസ്സില്‍കണ്ട്‌ മയങ്ങുമ്പോള്‍ പിറക്കാന്‍ അനുവദിക്കാതെ സ്വര്‍ത്ഥതയുടെ ഇരകളായി
മുളയിലെ നുള്ളി കൊലചെയ്യപ്പെട്ട എന്‍റെ പൊന്നു ജേഷ്ടത്തി മാര്‍ക്കുവേണ്ടി .
ആണ്‍കുട്ടികള്‍ വരവ് കോളത്തിലെ വരവും പെണ്‍കുട്ടികള്‍ ചിലവ് കോളത്തിലെ ചിലവുമായി മാറ്റിയത് ആരാണ്?
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ ഉരുവം കൊണ്ട ആദ്യനാളുകളില്‍ തന്നെ പിറക്കാന്‍ കൊതിക്കുന്ന ഞങ്ങള്‍ നഷ്ടമാണോ ലാഭമാണോ എന്ന്‌ ആരാണ് തീരുമാനിക്കുന്നത്?.
ഞങ്ങള്‍ക്കെന്തു കൊതിയാണെന്നോ നിങ്ങളോടൊപ്പം കഴിയാന്‍,
പ്ലീസ് അമ്മേ പ്ലീസ് എന്നെ കൊലകത്തിക്ക് കൊടുക്കരുതേ, ഞാന്‍ എത്ര കൊതിച്ചന്നോ ഒന്ന് ഭൂമി കാണാന്‍.
അമ്മയുടെ കാലില്‍ തട്ടി പുഴ ഒഴുകുന്നത്‌ ഒരിക്കല്‍ ഞാന്‍ അറിഞ്ഞു കൈതപ്പുഴ ആറിന്റെ വക്കില്‍ അമ്മ പുഴയിലേക്ക് കാലിട്ടിരുന്നപ്പോള്‍ ആദ്യമായി ഞാന്‍ പുഴയുടെ കുളിരും പരല്‍ മീനിന്റെ തുള്ളിക്കളിയും അറിഞ്ഞു.
അന്ന് സന്തോഷത്തില്‍ ഞാന്‍ ഒന്നിളകിയപ്പോള്‍ അമ്മ പറഞ്ഞില്ലേ ദേ നമ്മുടെ മോന്‍ അനങ്ങുന്നു എന്ന്‌. അമ്മയുടെ വയറ്റില്‍ തല ചേര്‍ത്ത് എന്‍റെ കാതില്‍ അച്ചന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
ധൃതി വെക്കാതട കുട്ടാ എന്ന്‌,
അന്ന് എന്‍റെ കുഞ്ഞികൈ കൊണ്ട് അച്ഛന്റെ തലയില്‍ തലോടാന്‍ നോക്കിയതാണ് പഷേ സാധിച്ചില്ല. പിന്നെ എന്തെല്ലാം നിങ്ങള്‍ എന്നെ കാട്ടി കൊതിപ്പിച്ചു.
ഞാറു നടലിന്റെ ആരവം,
അമ്പിളി അമ്മാവന്റെ പാല്‍ വെളിച്ചം,
അണ്ണാറക്കണ്ണന്‍റെ ചിലമ്പല്‍ , മിന്നാ മിന്നിയുടെ നുറുങ്ങു വെട്ടം, ഈച്ചയും പൂച്ചയും കഞ്ഞിവെച്ച കഥകള്‍ ...ഹായ് ഇതെല്ലം ഒന്ന് കാണാന്‍ സാധിച്ചെങ്കില്‍..
നിങ്ങള്‍ക്കറിയോ ലോകത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയ ഒരുകൂട്ടം മനുഷ്യരുടെ ആര്‍ത്തിയാണ് യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത്‌,
ആ യുദ്ധങ്ങളില്‍ കൊലചെയ്യപെടുന്നവരില്‍ അധികവും കുട്ടികളാണത്രെ.
കളിപ്പാട്ടവും ഭക്ഷണപ്പൊതികളും എറിഞ്ഞ്‌ കുട്ടികളെ ആകര്‍ഷിച്ചു അതെടുക്കാന്‍ കുട്ടികള്‍ കൂട്ടമായി ഓടിയെത്തുമ്പോള്‍ അവരുടെ മേല്‍ ബോബിട്ടു പതിനായിരക്കണക്കിന്കുട്ടികളെ കൊന്നത്രേ.
ഒരിക്കല്‍ അച്ചന്‍ വേദനയോടെ അമ്മക്ക് ഇത് പറഞ്ഞ് കൊടുത്തുപ്പോള്‍ ഞാനൊന്നു ഞെട്ടിപ്പോയി.
എന്നെയും അങ്ങനെ കൊന്നുകളയുമോ എന്ന് ഭയപ്പെട്ടിട്ടു എനിക്കെന്തോ വല്ലായ്മവന്നു,
രണ്ടു ദിവസത്തേക്ക് ഞാന്‍ നിശ്ചലനായിപ്പോയി,
അന്നാണ് എന്‍റെ അമ്മക്ക് സുഖമില്ല എന്ന്‌ പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയത് . ആശുപത്രിയിലെ ടേബിളില്‍ അമ്മയെ ക്കിടത്തി ഡോക്ടര്‍ ആന്റി എന്തൊക്കെയോ ചെയ്തു.
എന്‍റെ ശരീരത്തിന്റെ പലഭാഗത്തും എന്തോ കൊണ്ട് ആന്റി തൊട്ടു. എന്നിട്ട് അമ്മയോട് പറഞ്ഞ് കുഞ്ഞിനു അനക്കിമില്ല ഉടനെ സ്കാന്‍ ചെയ്യണമെന്നു പറഞ്ഞു,
കുറച്ചുകഴിഞ്ഞപ്പോള്‍ എന്തോ ഒരു അസ്വസ്ഥത എനിക്ക് തോന്നി, എന്‍റെ ശരീരത്തിലൂടെ എന്തൊക്കയോ തുളച്ചു കയറുന്നത് പോലെ ഒരു തോന്നല്‍, ഞാന്‍ നെരിപിരി കൊണ്ട് കിടക്കുമ്പോള്‍ വീണ്ടും ഡോക്ടര്‍ ആന്റി പറഞ്ഞ്
" കുഞ്ഞിനു കുഴപ്പമൊന്നുമില്ല".
അമ്മയുടെ അടുത്ത ചോദ്യമാണ് എന്‍റെ വിധി നിര്‍ണ്ണയിച്ചത്. ഉത്തരം കേള്‍ക്കുമ്പോള്‍ അമ്മ സന്തോഷിക്കുമെന്നാണ് ഞാന്‍ കരുതിയത്‌ പക്ഷെ എന്‍റെ ജീവിതത്തിനു തന്നെ തിരശീല വീഴുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചില്ല.
കുട്ടി ആണോ പെണ്ണോ എന്ന ചോദ്യത്തിനു ഡോക്ടര്‍ നല്‍കിയ മറുപടി
" സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്‌." എന്നാണ്.
പെട്ടന്ന് അമ്മ ടേബിളില്‍ നിന്നും ചാടി എണീറ്റ്‌ വയറ്റില്‍ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി, ഞാനെന്റെ ഇടുങ്ങിയ കിടപ്പിടത്തില്‍ വല്ലാതെ ബുദ്ധിമുട്ടാന്‍ തുടങ്ങി,
അമ്മ എന്തല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്".
എനിക്കും എന്തല്ലമോ പറയണമെന്ന് തോന്നി പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.
അമ്മേ ഞാന്‍ അമ്മയുടെ ഭാഗമല്ലേ...... , അമ്മയുടെ പ്രതിരൂപമല്ലേ.... അമ്മയ്ടെ ആത്മാവിന്റെ അംശം എനിക്കല്ലേ ...ഞാന്‍ എങ്ങനെ നശൂലമാവും.
പുറത്ത് വരാത്ത എന്‍റെ വാക്കുകള്‍ എന്‍റെ ഉള്ളില്‍ കിടന്നു തിളക്കുവാന്‍ തുടങ്ങി,
വാക്കുകളുടെ ആവിയില്‍ ഞാന്‍ വെന്തുരുകുന്നതുപോലെയായി.
അമ്മയുടെ മാറില്‍ തളര്‍ന്നുറങ്ങാന്‍ എത്ര നാളായി ഞാന്‍ കൊതിക്കുന്നു.
അച്ചന്റെ കൈ പിടിച്ച് വയല്‍ വരമ്പിലൂടെ എനിക്കോടണം. എനിക്ക് പൂതുമ്പിയെ പിടിക്കണം
'അമ്മേ എന്‍റെ പൊന്നമ്മയല്ലേ' എന്നെ കശാപ്പ് ശാലയിലേക്ക്‌ വലിച്ചിഴക്കല്ലേ... എന്നെ പിറക്കാന്‍ അനുവദിക്കൂ.
ഞാന്‍ പിറന്ന് വീഴേണ്ട ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ എനിക്ക് വല്ലാത്ത ഉത്സാഹമായിരുന്നു.
അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് എന്‍റെ ശ്വാസം പോലും നിലച്ചുപോകുന്ന ആ വാര്‍ത്ത കേട്ടത് എന്‍റെ പ്രാണന്‍ പിരിഞ്ഞുപോകുമോ എന്ന്‌ ഞാന്‍ ഭയപ്പെട്ടു.
നിങ്ങള്‍ക്കറിയോ ലോകത്ത് ഓരോവര്‍ഷവും ഒന്നരക്കോടി കുട്ടികളെയാണ് ആശുപത്രികളിലെ കൊലക്കലങ്ങളില്‍ കൊന്നൊടുക്കുന്നത് . ഇന്ത്യയില്‍ മാത്രം പത്ത് ലക്ഷത്തിലതികം വരും. നമ്മുടെ കൊച്ചു കേരളത്തില്‍ അത് അഞ്ച് ലക്ഷത്തി നാല്പത്തി ഏഴായിരത്തി അഞ്ഞൂറ്. ഓരോ ദിവസവും ആയിരത്തി അഞ്ഞൂറ് കുട്ടികളെ നിങ്ങള്‍ കൊല്ലൂന്നു.
അക്കങ്ങളുടെ വലിപ്പ ചെറുപ്പം എനിക്കറിയില്ല പക്ഷെ വലിയ വലിയ അക്കങ്ങള്‍ ആണെന്നാണ്‌ എനിക്കുതോന്നുന്നത്.
എന്നാലും ഒരു കാര്യം എനിക്കുറപ്പാണ്. രോഗം മൂലവും യുദ്ധം മൂലവും ഇത്രയും അധികം കുട്ടികള്‍ ലോകത്ത് മരിക്കാറില്ല.
എന്‍റെ പോന്നു ചേച്ചി മാരോട് ഒരു കാര്യം ഉണര്‍ത്തട്ടെ. സൌന്ദര്യം കൂട്ടാന്‍ നിങ്ങള്‍ മുഖത്ത് വാരിത്തേക്കുന്ന ലേപനങ്ങളില്‍ ഞങ്ങളുടെ രക്തവും മജ്ജയുമാണ്‌ ഉള്ളത്.
ചില നരഭോജികള്‍ക്ക് ഞങ്ങള്‍ വിശിഷ്ട ആഹാരമത്രേ.
സൌന്ദര്യം കൂട്ടാനും ഭക്ഷിക്കാനും വേണ്ടിയാണോ ഞങ്ങളെ ഇങ്ങനെ നിങ്ങള്‍ കൊന്നുടുക്കുന്നത്?.
എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു, ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ ദയാഹര്‍ജി നിങ്ങള്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കത്തിയും സക്ഷന്‍ട്യൂബും എന്‍റെ ജീവന് നേരെയും നീളുന്നത് ഞാന്‍ കാണുന്നു,
എനിക്ക് മുമ്പ് കശാപ്പു ചെയ്യപെട്ടവരെപ്പോലെ ഞാനും ആ സമയം പ്രാണന് വേണ്ടി വയറ്റില്‍ കിടന്നോടാന്‍ നോക്കും.
കൊലക്കത്തി എന്‍റെ നേര്‍ക്ക്‌ നീളുമ്പോള്‍ എന്‍റെ ഹൃദയവും കൂടുതല്‍ ശക്തിയോടെ മിടിക്കും, എന്നാലും എനിക്കറിയാം ജീവനോടെ എന്‍റെ കയ്യും കാലും തലയും ഒന്നൊന്നായി നിങ്ങള്‍ മുറിച്ചു മാറ്റും.
പിന്നീട് എന്‍റെ ശരീരഭാഗങ്ങള്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ വില്‍ക്കും അല്ലെങ്കില്‍ ഓടയിലൂടെ ചീഞ്ഞളിഞ്ഞ്‌ ഞാനും ഒഴുകി നടക്കും.
പ്ലീസ് നിങ്ങള്‍ ഇതൊന്നു ചെവിക്കൊള്ളണം നിങ്ങള്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍,
ഒരു കുഞ്ഞിക്കാലു കാണാന്‍ വിധിയില്ലാത്ത ലക്ഷങ്ങള്‍ ഇവിടെയുണ്ട് അവര്‍ ഞങ്ങളെ
മുത്തുപോലെ വളര്‍ത്തും.
അവര്ക്കെങ്കിലും നിങ്ങള്‍ ഞങ്ങളെ കൊടുക്കൂ അങ്ങനെ ഞങ്ങളും ഇവിടെ ജീവിക്കട്ടെ.

Sunday, February 13, 2011

ബലിമൃഗങ്ങള്‍


'' ഇല്ല ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ ചിതയിലേക്കു പെറ്റിട്ടിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ ഉയരും മുന്‍പേ ചാരമായിട്ടുണ്ടാവില്ല "
(സച്ചിദാനന്ദന്‍)

അഹമ്മദാബാദ് നഗരത്തില്‍ നിന്നും കുറച്ചു ഉള്ളിലായി ചെമ്മണ്‍ പാത അവസാനിക്കുന്നതിനടുത്ത് കാണുന്ന ചെറിയ കടയാണ് ഞങ്ങളുടേത് , കടയെന്നൊന്നും പറയാന്‍ പറ്റില്ല കീറിയ പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ച, മുകളില്‍ ഒന്നോ രണ്ടോ ഓലകള്‍ അലസമായി ഇട്ടിരിക്കുന്ന ഒരു ഷെഡ് . അതിനു മുന്നില്‍ ഒരുകാല്‍ ഒടിഞ്ഞ ആരെ കണ്ടാലും ദൈന്യതയോടെ നോക്കുന്ന ഒരു ചാവാലി പട്ടിയെയും കാണാം . കടയുടെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന സൈക്കിളിന്റെ ടയറിന്റെയും ട്യുബിന്റെയും ഇടയില്‍ കാണുന്ന, ദേഹമാസകലം ഗ്രീസും കരി ഓയിലും പുരണ്ട, അടുത്തുവന്നാല്‍ മണ്ണണ്ണയുടെ മണം അടിക്കുന്ന കുറിയ എമ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്നയാളാണ് എന്‍റെ ഉപ്പ . ഒരു പുരുഷായുസ്സ് മുഴുവന്‍ ദുഃഖങ്ങള്‍ മാത്രം ഏറ്റു വാങ്ങിയതിന്റെ ദൈന്യത ആ മുഖത്ത് കാണാം . കടയുടെ മുന്നില്‍ കാണുന്ന, സിമന്റെ കൊണ്ട് ഉണ്ടാക്കിയ തൊട്ടിയുടെ അടുത്താണ് എന്‍റെ സൈന മരിച്ചു കിടന്നത് . അവസാനമായി ഞാന്‍ അവളെ കണ്ടത് നഗരത്തിനെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിയില്‍ സ്ഫോടനം ഉണ്ടായതിന്റെ അന്ന് വൈകിട്ടാണ്. നഗരത്തില്‍ മുഴുവനും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നതിനാല്‍ നഗരവാസികള്‍ വീട് പിടിക്കാന്‍ സൈക്കിള്‍ റിക്ഷയെ മാത്രമാണ് ആശ്രയിച്ചിരുന്നത് . അതുകൊണ്ട് തന്നെ ഉപ്പയുടെ കടയില്‍ റിക്ഷ നന്നാക്കുന്നവരുടെ നല്ല തിരക്കായിരുന്നു. ഉപ്പയെ സഹായിക്കാന്‍ ഞാനും സൈനയും കൂടി . ആറുമാസം ഗര്‍ഭിണിയായ അവളോട്‌ വേണ്ടാ എന്നു ഉപ്പയും ഞാനും പറഞ്ഞതാണ് പക്ഷെ അവള്‍ കേട്ടില്ല . അല്ലേലും അവളെ ഓരോന്ന് പറഞ്ഞ് ശുണ്ഠി പിടിപ്പിക്കാന്‍ നല്ല രസമാണ് .പക്ഷെ കഴിഞ്ഞ കുറെക്കാലമായി അതും നടക്കുന്നില്ല ഒന്ന് പൊട്ടിച്ചിരിക്കാനോ ഒരു തമാശ പറയാനോ ആര്‍ക്കും കഴിയുന്നില്ല . മൂകത തളം കെട്ടിയ അന്തരീക്ഷത്തില്‍ വല്ലപ്പോഴും എന്തങ്കിലും ഉരിയാടിയാല്‍ ആയി അത്രമാത്രം. ഉപ്പയുടെ വിലക്ക് കേള്‍ക്കാതെ, 'അവള്‍' ഉപയോഗിച്ചു ഒഴിവാക്കിയ ടയറും ട്യുബും അടുക്കി വെക്കാന്‍ തുടങ്ങി, പെട്ടന്നാണ് കടയുടെ മുമ്പില്‍ ഒരു പോലീസ് വാന്‍ വന്നു നിന്നത് . വാനില്‍ നിന്നും രണ്ടു മൂന്നു പോലീസുകാര്‍ ചാടിയിറങ്ങി എന്‍റെ നേരെ വന്നു. വന്നപാടെ നാഭിക്കിട്ടു ഒരു ചവിട്ടു തന്നു. തടയാന്‍ വന്ന ഉപ്പയെ ഒരു പോലീസുകാരന്‍ അടിവയറ്റിന് ചവിട്ടി. കടയുടെ മൂലയിലേക്ക് തെറിച്ചുവീണ ഉപ്പയുടെ മൂക്കില്‍ നിന്നും കാതില്‍ നിന്നും ചോര ഒലിക്കാന്‍ തുടങ്ങി. പാതി ജീവന്‍ പോയ ഞാന്‍ ചാടിയെണീറ്റ്, ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചു. ' "നിനകൊക്കെ പള്ളിക്ക് ബോംബ്‌ വെക്കണം അല്ലേട നായീന്റെ മോനെ" ... എന്നു ചോദിച്ചു മുഖമടച്ച് ഒരടിതന്നു, വലത്തെ കവിളിലെ രണ്ടണപ്പല്ലുകള്‍പുറത്തേക്ക് ചാടി. മരണ വെപ്രാളത്തില്‍ പിടയുന്ന എന്നെ മുന്നില്‍ നിന്നും പിന്നില്‍നിന്നും പോലീസുകാര്‍ മര്‍ദിക്കാന്‍ തുടങ്ങി അതുകണ്ട് ഓടി വന്ന സൈനയെ "പോയി തുലയടീ xxxxxxx എന്നു പറഞ്ഞു നടുവിനിട്ട്‌ ഒരു ചവിട്ടു കൊടുത്തു, കടയുടെ മുന്നിലെ കോണ്‍ക്രീറ്റ് തൊട്ടിയില്‍ അവള്‍ വയറടിച്ചു വീണു . വയറ്റില്‍ കിടന്ന കുഞ്ഞിനെ പാതി പ്രസവിച്ചു രക്തത്തില്‍ കിടന്നു പിടയുന്ന അവളുടെ മുഖം ഒരു നോക്ക് കാണുമ്പോഴേക്കും അവര്‍ എന്നെ വാനിലേക്ക് വലിച്ചെറിഞ്ഞിരുന്നു .

മാസങ്ങള്‍ക്ക് മുമ്പ് കടന്നു പോയ കരാള രാത്രികള്‍ തിരിച്ചു വരുന്നതായി അനുഭവപെട്ടു , നഗരത്തിലെവിടെയോ ക്രൂരന്മാരുടെ കൈകളാല്‍ ഒരു ട്രയിനിലെ രണ്ടോ മൂന്നോ ബോഗികളിലെ മുഴുവന്‍ മനുഷ്യ ജന്മങ്ങളും കത്തിയമര്‍ന്നതിന്റെ പാപഭാരം മുഴുവന്‍ ഏറ്റു വാങ്ങേണ്ടി വന്നത് ഞങ്ങളുടെ ചേരിയില്‍ ആയിരുന്നു . ഹൃദയത്തില്‍ ക്രൂരതയും കണ്ണില്‍ കത്തിജ്വലിക്കുന്ന കാമവും ഒരുകയ്യില്‍ പെട്രോളും മറുകയ്യില്‍ ഉരിപിടിച്ച ആയുധവുമായി ചെന്നായ്ക്കളെ പോലെ ഇരചെത്തിയ അവര്‍ കണ്ണില്‍ കണ്ടെവരെയെല്ലാം കുത്തിമലര്‍ത്തി ചിലരുടെ വായില്‍ പെട്രോള്‍ ഒഴിച്ചു തീകൊടുത്തു . അവസാനം അവര്‍ എന്‍റെ വീട്ടിലുമെത്തി ഞാനും ഉപ്പയും നഗരത്തില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നത് ഉമ്മയും സൈനയും പിന്നെ ഞങ്ങളുടെ കുഞ്ഞു പെങ്ങളും മാത്രമായിരുന്നു. സൈന വീടിന്റെ പിന്നിലൂടെ വെളിയില്‍ വന്നു ഒരു മരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു .അവര്‍ക്ക് ആദ്യം കിട്ടിയത് ഉമ്മയെ ആയിരുന്നു ഉമ്മയുടെ തലയില്‍ അവര്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി അഗ്നി ജ്വാലകള്‍ വിഴുങ്ങിയ ഉമ്മയുടെ പിടച്ചില്‍ കണ്ടു കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന കുഞ്ഞുമോള്‍ ആര്‍ത്തു നിലവിളിച്ചു. ഇരകണ്ട ചെന്നായ്ക്കളെപ്പോലെ അവര്‍ കുഞ്ഞുമോളെ കട്ടിലിനടിയില്‍ നിന്നും വലിച്ചെടുത്തു . നിലവിള്ളിച്ചുകൊണ്ട് കയ്യില്‍ നിന്നും കുതറാന്‍ ശ്രമിച്ച കുഞ്ഞുമോളെ അവര്‍ ബാലമായി പിടിച്ചു രണ്ടു കൈകളും ജനലിന്റെ രണ്ടു ഭാഗത്തായി വലിച്ചുകെട്ടി.അവളുടെ വസ്ത്രം വലിച്ചുകീറി നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായിലേക്ക് തിരുകി കൂട്ടത്തില്‍ അറുപതു വയസ്സ് തോന്നിക്കുന്നയാല്‍ അവളെ പിച്ചിച്ചീന്തി, കൂട്ടത്തിലെ മറ്റുള്ളവരും അവളെ ക്രൂരമായി കടിച്ചുകീറി, വിഷക്കാമം ശമിച്ചിട്ടുമവര്‍ എന്‍റെ കുഞ്ഞുമോളെ വിട്ടില്ല പാതി ജീവന്‍ പോയ അവളെ വലിച്ചിഴച്ചു വീടിന്റെ ഉമ്മറത്തുകൊണ്ടിട്ടു കൂട്ടത്തില്‍ ഒരു ചെന്നായ അവളുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു ജീവനോടെ ചുട്ടുകൊന്നു. മരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു ഈ ക്രൂരതകണ്ട സൈന മാസങ്ങള്‍ക്ക് ശേഷമാണ് സമനില വീണ്ടെടുത്തത്. ദുരന്തങ്ങളുടെ ഒരു ചങ്ങലതന്നെ ഞങ്ങളെ വേട്ടയാടാന്‍ തുടങ്ങി . ജയിലില്‍ എനിക്ക് നേരിടേണ്ടി വന്നത് എല്ലില്‍നിന്നും മജ്ജ വേര്‍പെടുത്തുന്ന പീഡനങ്ങള്‍ ആയിരുന്നു . തണുത്തു മരവിപ്പിച്ച റൂമില്‍ നഗനായിട്ടു നിര്‍ത്തുക. സ്റ്റുളില്‍ ഇരുത്തിയതിനുശേഷം ലിംഗത്തില്‍ വെള്ളം നിറച്ച ബക്കറ്റു കെട്ടിത്തൂക്കി , നടുവിന് അതിശക്തമായി ഇരുമ്പു ദണ്ട് കൊണ്ട്ടിച്ചു എഴുനേപ്പിക്കുക . ശരീരത്തിന്റെ മര്‍മപ്രധാനമായ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുക തുടങ്ങിയ ക്രൂരതകളണ് അവിടെ ഏല്‍ക്കേണ്ടി വന്നത് അവസാനം ചെയ്യാത്ത കുറ്റത്തിന്റെ ഉത്തരവാദിത്വം തലയില്‍ കെട്ടിവെച്ചു ശിക്ഷയും പ്രതീക്ഷിച്ചു ജയിലില്‍ കിടക്കുമ്പോള്‍ ആണ് , ട്രെയിനിലും പള്ളിക്കും ബോംബു വെച്ചത് ഒരേ കൂട്ടരാണെന്നും യഥാര്‍ത്ഥ പ്രതികള്‍ കുറ്റം സമ്മതിച്ചതിനാല്‍ ജയിലില്‍ നിന്നും മോചിപ്പിക്കുന്നു എന്നും പറഞ്ഞാണ് ഇപ്പോള്‍ തുറന്നു വിട്ടത്. പുറത്തേക്ക് ഇറങ്ങി വരുമ്പോള്‍ ഒരു ക്ഷമാപണത്തോടെ ജയിലിലെ ഉദ്യോഗസ്ഥര്‍ നോക്കി, ചിലര്‍ തോളത്തു തട്ടി സോറി പറയുകയും ചെയ്തു ഒരു ചെറിയ പുഞ്ചിരിയില്‍ ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി . പക്ഷെ പ്രതികാരാഗ്നിയില്‍ എരിഞ്ഞടങ്ങിയ ഉമ്മയും നിറയവ്വനത്തില്‍ പിടഞ്ഞു മരിച്ച സൈനയും, ബാല്യത്തിന്റെ ചാപല്യം വിട്ടുമാറും മുമ്പ് ക്രുരമായി കൊലചെയ്യപെട്ട കുഞ്ഞുപെങ്ങളും എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി ഉമിത്തീയില്‍ വെന്തു നീറുന്ന ഉപ്പയും ആര്‍ക്കാണ് മാപ്പ് കൊടുക്കുക ?

(വിധിയുടെ ബലി മൃഗങ്ങളായി , ആരുടെയൊക്കെയോ ക്രൂരതകളുടെ ഫലമായി , ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്പാലത്തിലൂടെ, തന്റെ നിരപരാധിത്വം ബോധ്യപെടുത്താന്‍ കഴിയാതെ, ജയിലുകളിലെ ഇരുണ്ട അറകളില്‍ കഴിയുന്ന പതിനായിരങ്ങള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി സാദൃശ്യം ഉണ്ടെങ്കില്‍ അത് ബോധപൂര്‍വമാണ്)