സഹയാത്രികര്‍

Monday, July 4, 2011

ഊരും പേരും ഇല്ലാത്തവളുടെ ദയാഹര്‍ജി






തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.
ഞാന്‍ നെയ്തുകൂട്ടിയ ഒരുപാട് സ്വപ്നങ്ങള്‍ നാളെ ഹോസ്പിറ്റലിലെ ടേബിളില്‍ വെച്ചു കഴുത്തറുത്ത് കൊല്ലപ്പെടും.
എനിക്ക് നിങ്ങളുടെ ലോകത്തെക്കുറിച്ചറിയില്ല അമ്മയുടെ കുഞ്ഞു വയറ്റില്‍ സ്വപ്നങ്ങള്‍ നെയ്തു കിടക്കുമ്പോള്‍ . വയറില്‍ തലോടി തല വയറ്റില്‍ ചേര്‍ത്തുവെച്ച് അച്ഛന്‍ പറഞ്ഞകിന്നര വര്‍ത്തമാനത്തില്‍ നിന്നാണ് ഞാനി ലോകത്തെക്കുറിച്ചറിയുന്നത്,
കാര്യങ്ങള്‍ തകിടം മറിയുന്നതിനുമുമ്പുള്ള ആ നല്ല നാളുകളിലെ ഓര്‍മകള്‍ ആരാച്ചാരുടെ കൊലക്കത്തി എന്‍റെ കഴുത്തിനു നേരെ നീളുംമുമ്പ് ഞാന്‍ നിങ്ങളുമായി പങ്ക് വെക്കുകുയാണ്.
ബധിര കര്‍ണ്ണ പുടങ്ങളില്‍ തട്ടി എന്‍റെ വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിക്കുമെന്നെനിക്കറിയാം, എന്നാലും ഇനിയും ലക്ഷക്കണക്കിന്‌ അമ്മമാരുടെ വയറ്റിനുള്ളില്‍ ഉരുവം കൊള്ളാന്‍ പോകുന്ന എന്‍റെ സഹോദരിമാര്‍ക്കുവേണ്ടി,
ഇടനെഞ്ചിലെ ശ്വാസം നിലച്ച് കഴുത്ത് വിണ്ട്‌ ചുടുചോര ചീറ്റി പിടഞ്ഞു മരിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിക്കട്ടെ ഈ ദയാഹര്‍ജി.-
പിറക്കുന്നതിനു മുമ്പേ നിങ്ങളുടെ വരവ് ചിലവ് കോളങ്ങളിലെ ഒരിനമായി ഞങ്ങളെ മാറ്റിയതാണ് ഞങ്ങളുടെ ജീവനുപോലും ഭീഷണിയായത്.
പിറവിയുടെ ദിനം മനസ്സില്‍കണ്ട്‌ മയങ്ങുമ്പോള്‍ പിറക്കാന്‍ അനുവദിക്കാതെ സ്വര്‍ത്ഥതയുടെ ഇരകളായി
മുളയിലെ നുള്ളി കൊലചെയ്യപ്പെട്ട എന്‍റെ പൊന്നു ജേഷ്ടത്തി മാര്‍ക്കുവേണ്ടി .
ആണ്‍കുട്ടികള്‍ വരവ് കോളത്തിലെ വരവും പെണ്‍കുട്ടികള്‍ ചിലവ് കോളത്തിലെ ചിലവുമായി മാറ്റിയത് ആരാണ്?
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ ഉരുവം കൊണ്ട ആദ്യനാളുകളില്‍ തന്നെ പിറക്കാന്‍ കൊതിക്കുന്ന ഞങ്ങള്‍ നഷ്ടമാണോ ലാഭമാണോ എന്ന്‌ ആരാണ് തീരുമാനിക്കുന്നത്?.
ഞങ്ങള്‍ക്കെന്തു കൊതിയാണെന്നോ നിങ്ങളോടൊപ്പം കഴിയാന്‍,
പ്ലീസ് അമ്മേ പ്ലീസ് എന്നെ കൊലകത്തിക്ക് കൊടുക്കരുതേ, ഞാന്‍ എത്ര കൊതിച്ചന്നോ ഒന്ന് ഭൂമി കാണാന്‍.
അമ്മയുടെ കാലില്‍ തട്ടി പുഴ ഒഴുകുന്നത്‌ ഒരിക്കല്‍ ഞാന്‍ അറിഞ്ഞു കൈതപ്പുഴ ആറിന്റെ വക്കില്‍ അമ്മ പുഴയിലേക്ക് കാലിട്ടിരുന്നപ്പോള്‍ ആദ്യമായി ഞാന്‍ പുഴയുടെ കുളിരും പരല്‍ മീനിന്റെ തുള്ളിക്കളിയും അറിഞ്ഞു.
അന്ന് സന്തോഷത്തില്‍ ഞാന്‍ ഒന്നിളകിയപ്പോള്‍ അമ്മ പറഞ്ഞില്ലേ ദേ നമ്മുടെ മോന്‍ അനങ്ങുന്നു എന്ന്‌. അമ്മയുടെ വയറ്റില്‍ തല ചേര്‍ത്ത് എന്‍റെ കാതില്‍ അച്ചന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
ധൃതി വെക്കാതട കുട്ടാ എന്ന്‌,
അന്ന് എന്‍റെ കുഞ്ഞികൈ കൊണ്ട് അച്ഛന്റെ തലയില്‍ തലോടാന്‍ നോക്കിയതാണ് പഷേ സാധിച്ചില്ല. പിന്നെ എന്തെല്ലാം നിങ്ങള്‍ എന്നെ കാട്ടി കൊതിപ്പിച്ചു.
ഞാറു നടലിന്റെ ആരവം,
അമ്പിളി അമ്മാവന്റെ പാല്‍ വെളിച്ചം,
അണ്ണാറക്കണ്ണന്‍റെ ചിലമ്പല്‍ , മിന്നാ മിന്നിയുടെ നുറുങ്ങു വെട്ടം, ഈച്ചയും പൂച്ചയും കഞ്ഞിവെച്ച കഥകള്‍ ...ഹായ് ഇതെല്ലം ഒന്ന് കാണാന്‍ സാധിച്ചെങ്കില്‍..
നിങ്ങള്‍ക്കറിയോ ലോകത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയ ഒരുകൂട്ടം മനുഷ്യരുടെ ആര്‍ത്തിയാണ് യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത്‌,
ആ യുദ്ധങ്ങളില്‍ കൊലചെയ്യപെടുന്നവരില്‍ അധികവും കുട്ടികളാണത്രെ.
കളിപ്പാട്ടവും ഭക്ഷണപ്പൊതികളും എറിഞ്ഞ്‌ കുട്ടികളെ ആകര്‍ഷിച്ചു അതെടുക്കാന്‍ കുട്ടികള്‍ കൂട്ടമായി ഓടിയെത്തുമ്പോള്‍ അവരുടെ മേല്‍ ബോബിട്ടു പതിനായിരക്കണക്കിന്കുട്ടികളെ കൊന്നത്രേ.
ഒരിക്കല്‍ അച്ചന്‍ വേദനയോടെ അമ്മക്ക് ഇത് പറഞ്ഞ് കൊടുത്തുപ്പോള്‍ ഞാനൊന്നു ഞെട്ടിപ്പോയി.
എന്നെയും അങ്ങനെ കൊന്നുകളയുമോ എന്ന് ഭയപ്പെട്ടിട്ടു എനിക്കെന്തോ വല്ലായ്മവന്നു,
രണ്ടു ദിവസത്തേക്ക് ഞാന്‍ നിശ്ചലനായിപ്പോയി,
അന്നാണ് എന്‍റെ അമ്മക്ക് സുഖമില്ല എന്ന്‌ പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയത് . ആശുപത്രിയിലെ ടേബിളില്‍ അമ്മയെ ക്കിടത്തി ഡോക്ടര്‍ ആന്റി എന്തൊക്കെയോ ചെയ്തു.
എന്‍റെ ശരീരത്തിന്റെ പലഭാഗത്തും എന്തോ കൊണ്ട് ആന്റി തൊട്ടു. എന്നിട്ട് അമ്മയോട് പറഞ്ഞ് കുഞ്ഞിനു അനക്കിമില്ല ഉടനെ സ്കാന്‍ ചെയ്യണമെന്നു പറഞ്ഞു,
കുറച്ചുകഴിഞ്ഞപ്പോള്‍ എന്തോ ഒരു അസ്വസ്ഥത എനിക്ക് തോന്നി, എന്‍റെ ശരീരത്തിലൂടെ എന്തൊക്കയോ തുളച്ചു കയറുന്നത് പോലെ ഒരു തോന്നല്‍, ഞാന്‍ നെരിപിരി കൊണ്ട് കിടക്കുമ്പോള്‍ വീണ്ടും ഡോക്ടര്‍ ആന്റി പറഞ്ഞ്
" കുഞ്ഞിനു കുഴപ്പമൊന്നുമില്ല".
അമ്മയുടെ അടുത്ത ചോദ്യമാണ് എന്‍റെ വിധി നിര്‍ണ്ണയിച്ചത്. ഉത്തരം കേള്‍ക്കുമ്പോള്‍ അമ്മ സന്തോഷിക്കുമെന്നാണ് ഞാന്‍ കരുതിയത്‌ പക്ഷെ എന്‍റെ ജീവിതത്തിനു തന്നെ തിരശീല വീഴുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചില്ല.
കുട്ടി ആണോ പെണ്ണോ എന്ന ചോദ്യത്തിനു ഡോക്ടര്‍ നല്‍കിയ മറുപടി
" സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്‌." എന്നാണ്.
പെട്ടന്ന് അമ്മ ടേബിളില്‍ നിന്നും ചാടി എണീറ്റ്‌ വയറ്റില്‍ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി, ഞാനെന്റെ ഇടുങ്ങിയ കിടപ്പിടത്തില്‍ വല്ലാതെ ബുദ്ധിമുട്ടാന്‍ തുടങ്ങി,
അമ്മ എന്തല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്".
എനിക്കും എന്തല്ലമോ പറയണമെന്ന് തോന്നി പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.
അമ്മേ ഞാന്‍ അമ്മയുടെ ഭാഗമല്ലേ...... , അമ്മയുടെ പ്രതിരൂപമല്ലേ.... അമ്മയ്ടെ ആത്മാവിന്റെ അംശം എനിക്കല്ലേ ...ഞാന്‍ എങ്ങനെ നശൂലമാവും.
പുറത്ത് വരാത്ത എന്‍റെ വാക്കുകള്‍ എന്‍റെ ഉള്ളില്‍ കിടന്നു തിളക്കുവാന്‍ തുടങ്ങി,
വാക്കുകളുടെ ആവിയില്‍ ഞാന്‍ വെന്തുരുകുന്നതുപോലെയായി.
അമ്മയുടെ മാറില്‍ തളര്‍ന്നുറങ്ങാന്‍ എത്ര നാളായി ഞാന്‍ കൊതിക്കുന്നു.
അച്ചന്റെ കൈ പിടിച്ച് വയല്‍ വരമ്പിലൂടെ എനിക്കോടണം. എനിക്ക് പൂതുമ്പിയെ പിടിക്കണം
'അമ്മേ എന്‍റെ പൊന്നമ്മയല്ലേ' എന്നെ കശാപ്പ് ശാലയിലേക്ക്‌ വലിച്ചിഴക്കല്ലേ... എന്നെ പിറക്കാന്‍ അനുവദിക്കൂ.
ഞാന്‍ പിറന്ന് വീഴേണ്ട ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ എനിക്ക് വല്ലാത്ത ഉത്സാഹമായിരുന്നു.
അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് എന്‍റെ ശ്വാസം പോലും നിലച്ചുപോകുന്ന ആ വാര്‍ത്ത കേട്ടത് എന്‍റെ പ്രാണന്‍ പിരിഞ്ഞുപോകുമോ എന്ന്‌ ഞാന്‍ ഭയപ്പെട്ടു.
നിങ്ങള്‍ക്കറിയോ ലോകത്ത് ഓരോവര്‍ഷവും ഒന്നരക്കോടി കുട്ടികളെയാണ് ആശുപത്രികളിലെ കൊലക്കലങ്ങളില്‍ കൊന്നൊടുക്കുന്നത് . ഇന്ത്യയില്‍ മാത്രം പത്ത് ലക്ഷത്തിലതികം വരും. നമ്മുടെ കൊച്ചു കേരളത്തില്‍ അത് അഞ്ച് ലക്ഷത്തി നാല്പത്തി ഏഴായിരത്തി അഞ്ഞൂറ്. ഓരോ ദിവസവും ആയിരത്തി അഞ്ഞൂറ് കുട്ടികളെ നിങ്ങള്‍ കൊല്ലൂന്നു.
അക്കങ്ങളുടെ വലിപ്പ ചെറുപ്പം എനിക്കറിയില്ല പക്ഷെ വലിയ വലിയ അക്കങ്ങള്‍ ആണെന്നാണ്‌ എനിക്കുതോന്നുന്നത്.
എന്നാലും ഒരു കാര്യം എനിക്കുറപ്പാണ്. രോഗം മൂലവും യുദ്ധം മൂലവും ഇത്രയും അധികം കുട്ടികള്‍ ലോകത്ത് മരിക്കാറില്ല.
എന്‍റെ പോന്നു ചേച്ചി മാരോട് ഒരു കാര്യം ഉണര്‍ത്തട്ടെ. സൌന്ദര്യം കൂട്ടാന്‍ നിങ്ങള്‍ മുഖത്ത് വാരിത്തേക്കുന്ന ലേപനങ്ങളില്‍ ഞങ്ങളുടെ രക്തവും മജ്ജയുമാണ്‌ ഉള്ളത്.
ചില നരഭോജികള്‍ക്ക് ഞങ്ങള്‍ വിശിഷ്ട ആഹാരമത്രേ.
സൌന്ദര്യം കൂട്ടാനും ഭക്ഷിക്കാനും വേണ്ടിയാണോ ഞങ്ങളെ ഇങ്ങനെ നിങ്ങള്‍ കൊന്നുടുക്കുന്നത്?.
എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു, ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ ദയാഹര്‍ജി നിങ്ങള്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കത്തിയും സക്ഷന്‍ട്യൂബും എന്‍റെ ജീവന് നേരെയും നീളുന്നത് ഞാന്‍ കാണുന്നു,
എനിക്ക് മുമ്പ് കശാപ്പു ചെയ്യപെട്ടവരെപ്പോലെ ഞാനും ആ സമയം പ്രാണന് വേണ്ടി വയറ്റില്‍ കിടന്നോടാന്‍ നോക്കും.
കൊലക്കത്തി എന്‍റെ നേര്‍ക്ക്‌ നീളുമ്പോള്‍ എന്‍റെ ഹൃദയവും കൂടുതല്‍ ശക്തിയോടെ മിടിക്കും, എന്നാലും എനിക്കറിയാം ജീവനോടെ എന്‍റെ കയ്യും കാലും തലയും ഒന്നൊന്നായി നിങ്ങള്‍ മുറിച്ചു മാറ്റും.
പിന്നീട് എന്‍റെ ശരീരഭാഗങ്ങള്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ വില്‍ക്കും അല്ലെങ്കില്‍ ഓടയിലൂടെ ചീഞ്ഞളിഞ്ഞ്‌ ഞാനും ഒഴുകി നടക്കും.
പ്ലീസ് നിങ്ങള്‍ ഇതൊന്നു ചെവിക്കൊള്ളണം നിങ്ങള്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍,
ഒരു കുഞ്ഞിക്കാലു കാണാന്‍ വിധിയില്ലാത്ത ലക്ഷങ്ങള്‍ ഇവിടെയുണ്ട് അവര്‍ ഞങ്ങളെ
മുത്തുപോലെ വളര്‍ത്തും.
അവര്ക്കെങ്കിലും നിങ്ങള്‍ ഞങ്ങളെ കൊടുക്കൂ അങ്ങനെ ഞങ്ങളും ഇവിടെ ജീവിക്കട്ടെ.

Tuesday, June 14, 2011

ചെറ്റകള്‍







വിദ്യയുടെ അര്‍ത്ഥം നഷ്ടപെടുത്തിയവരോട്
ഏകലവ്യനുഷ്ടമായ പെരുവിരലിനെക്കുറിച്ചു പറയരുത്.

അമ്മയിലും മകളിലും കാമം കാണുന്നവനോട്
മാതൃത്വത്തിന്റെ മഹത്വം മിണ്ടിപ്പോകരുത്.
ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റപ്പെടുന്നവനോട്
അപരന്റെ ദുഖം പറയരുത്.

ഇവിടെ തെരുവില്‍ ഭ്രാന്തുപിടിച്ച
ചങ്ങലയുമായി ചെന്നായ്ക്കള്‍ വേട്ടക്കിറങ്ങിയിരിക്കുന്നു.
ചേരികളിലെ കീറപ്പായയില്‍ അന്തിയുറങ്ങുന്നവരുടെ
കഴുത്തില്‍ ചോര കിനിയുന്ന ദ്രംഷ്ടങ്ങള്‍ കുത്തിയിറക്കി
ചെന്നായ അലറി,
വികസനത്തിന്റെ മാപ്പില്‍ ചാളകളും ചേരികളും ഇല്ല.

കൂരയില്ലാത്തവന് മേഘത്തിന്റെ തണല്‍ ആശ്രയം
അന്നനാളം ഒട്ടിയവന് കുപ്പതൊട്ടിയിലെ എച്ചിലില്‍ ഓണസദ്യ.
തെരുവില്‍ എറിയപ്പെട്ടവന്റെയും
അമ്മത്തൊട്ടിലില്‍ ആക്കപ്പെട്ടവന്റെയുംജാതകം എഴുതരുത്.

Sunday, April 24, 2011

കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്


കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമര്‍ക്കരുത്
കന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്‌
പൂവിന്റെ കണ്ണില്‍ നീ നോക്കരുത്
പൂതനാ തന്ത്രം പുരണ്ടാതാണെങ്ങും "


വര്‍ഷങ്ങള്‍ക്കുമുമ്പ് കടമ്മനിട്ടയുടെ വരികള്‍ വായിക്കുമ്പോള്‍ കവിയുടെ അതിഭാവുകത്വമാണെന്നെ കരുതിയുള്ളു, പിറന്ന് വീഴുന്ന കുഞ്ഞ് അമ്മിഞ്ഞപ്പാലിന് കരയുമ്പോള്‍ തന്റെ മാറിടം ചുരത്തുന്നത്
വിമായതിനാല്‍ അതുകൊടുക്കാന്‍ കഴിയാതെ ങ്ങിക്കരഞ്ഞാല്‍ കണ്ണില്‍ നിന്നും വീഴുന്ന വിനീര്‍ ഭയന്ന് ദു:ഖം ഉള്ളില്‍ ഒതുക്കുന്ന അമ്മമാരെകുറിച്ച് കേട്ടിട്ടുണ്ടോ?, പ്രയാസത്തിനുമേല്‍ പ്രയാസം സഹിച്ച് ചാപിള്ളകളെ പ്രസവിക്കുന്ന അമ്മമാര്‍ അവിടെയുണ്ട്. കശുവണ്ടിയുടെ രൂപത്തില്‍ തലവളരുന്ന കുഞ്ഞുമക്കള്‍, ഭാരം ചുമക്കേണ്ട തലയില്‍ തല തന്നെ ഭാരമായി തീര്‍ന്ന തന്നെ, സുഖമായി ജീവിക്കാന്‍ അനുവദിക്കാത്ത മനുഷ്യരോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി അകാലത്തില്‍ പൊലിഞ്ഞുപോയ പിഞ്ചുമക്കള്‍, ജനിച്ചനാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിന്‍റെ നില വിളി നമ്മെ ലോസരപ്പെടുത്തുന്നില്ലേ?
അസഹനീയമായ വേദന സഹിക്കാന്‍ കഴിയാതെ ഒന്നുറക്കെ കരയുവാന്‍ കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍, ജനിച്ച നാള്‍ മുതല്‍ നിവര്‍ന്ന്
നില്‍ക്കാന്‍ കഴിയാതെ ഇന്നും തറയില്‍ ഇഴയുന്ന യൌവ്വനങ്ങള്‍, മാനസിക നിലതെറ്റി പിച്ചും പേയും പറയുന്നവര്‍ പലതരത്തിലുള്ള ക്യാന്‍സര്‍ ബാധിച്ചവര്‍ ദേഹം മുഴുവന്‍ പൊട്ടി പിളര്‍ന്നു വ്രണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍, സഹോദരിയുടെ നിസ്സഹായാവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്കിറങ്ങിയ കൌമാരങ്ങള്‍, യുവത്വത്തില്‍ എത്തിയ മകന്റെ പാതി തളര്‍ന്ന ശരീരം തോളിലേറ്റി പൊട്ടിക്കരയുന്ന അമ്മമാര്‍. ഇത് അമേരിക്ക വിയറ്റ്നാമില്‍ രാസായുധം പ്രയോഗിച്ചതിന്റെ ഫലമായി ജനിതവൈകല്യം ബാധിച്ച തലമുറകളുടെ കഥയല്ല, യൂണിയന്‍ കാര്‍ബൈഡ് ചോര്‍ന്നു സെക്കന്റിന്റെ നൂറിലൊരംത്തില്‍ പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ച ആയിരങ്ങളുടെ പിന്തലമുറയുടെ കഥയുമല്ല, നിരന്തര രാസായുധ അണ്വായുധ പ്രയോഗത്തിലൂടെ തലമുറകള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാക്കിലെയും അഫ്ഗാനിലെയും നിരാലമ്പരായ ജനതയുടെ കഥയുമല്ല . അഭിമാനത്തിലും അതിലുപരി അഹങ്കാരത്തിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് മലയാളികള്‍ ഗീര്‍വാണം മുഴക്കുന്ന നമ്മുടെ കൊച്ചുകേരളത്തിന്റെ യാഥാര്‍ത്ഥ്യമാണ്. സാംസ്കാരിക കേരളത്തിലെ പ്രബുദ്ധ ജനതയോട് കാസര്‍കോടും കേരളത്തിലാണ് എന്ന് പറയേണ്ട ഗതികേടാണുള്ളത്. ഒബാമയുടെ പാട്ടും നൃത്തവുമായി നമ്മുടെ മന്ത്രി പുംഗവന്മാര്‍ ര്‍ത്തുല്ലസിക്കുമ്പോള്‍ ഇരുപത്തിയൊന്നു വര്ഷം ജീവച്ഛവമായി ജീവിച്ച കവിത എന്ന സഹോദരി
ജീവിതവുമായി മല്ലടിച്ചു അവസാനം മരണത്തിനു കീഴടങ്ങി. കവിതയെ അറിയില്ലേ നാവിനു മാരകമായ ക്യാന്‍സര്‍ ബാധിച്ച് നാവു വായിനുള്ളിലേക്ക് ഒന്ന് ഇടുവാന്‍ പോലും കഴിയാതെ കടുത്ത വേദന കടിച്ചിറക്കുമ്പോഴും ഒരു വേദന സംഹാരി പോലും കഴിക്കുവാന്‍ പറ്റാതെ മരണത്തിനു കീഴടങ്ങിയ നമ്മുടെ
സഹോദരി, ഇങ്ങനെ എത്രയെത്ര പേര്‍, മത്തങ്ങയെക്കാള്‍ വലിപ്പമുള്ള തലയുമായി ശരീരം വളരുന്നതിനേക്കാള്‍
വേഗത്തില്‍ തലവളര്‍ന്ന് മലയാളിയുടെ കപട സാംസ്കാരിക ബോധത്തിനുമേല്‍ കൊഞ്ഞനം കുത്തികൊണ്ട് നിങ്ങളുടെയൊന്നും കൂടെ ജീവിക്കാന്‍ കൊള്ളില്ലടോ എന്ന് മന്ത്രിച്ചുകൊണ്ട്‌ മരണത്തിനു കീഴടങ്ങിയ എട്ടുമാസം പ്രായമായ സൈനബ, ഇരുപതിന്റെ നിറവിലും അഞ്ചു വയസ്സുകാരന്റെ ശാരീരിക വളര്‍ച്ച പോലുമില്ലാത്ത നാരായണന്‍ നായിക്ക്, കവിതയുടെ നിത്യ രോഗിയായ സഹോദരന്‍ നാരായണന്‍ ... അതിര്‍ത്തി ഗ്രാമമായ
അരൂരില്‍ കഴിഞ്ഞ അഞ്ചു വരഷത്തിനുള്ളില്‍ പിടഞ്ഞു മരിച്ച മുന്നൂറ് മനുഷ്യാത്മാക്കള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ആറുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള അഞ്ചു പിഞ്ചു കുട്ടികള്‍ മരിച്ച മഞ്ഞമ്പാറയിലെ കുടുംബങ്ങള്‍, അതിലെ അവസാനത്തെ കണ്ണി മുഹമ്മദ്‌ മുക്താദ. ഒന്നര വര്ഷം ഒരിറ്റു മുലപ്പാല്‍ പോലും കുടിക്കാതെ ഈ ലോകത്തോട്‌ യാത്ര പറഞ്ഞ മുജീബ, ഒരു കണക്കിലുംപ്പെടാതെ ജീവന്‍ ബലിനല്‍കിയ എത്രയോ ജന്മങ്ങള്‍. എന്നിട്ടും നമ്മുടെ അധികാരികളുടെ കണ്ണ് തുറക്കുന്നില്ല. മനുഷ്യമക്കളുടെ രക്തം ഊറ്റിക്കുടിക്കുന്ന രക്ത രക്ഷസുകളായി അവര്‍ വളര്‍ന്നു നില്‍ക്കുന്നു, പത്ത് വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുത്ത യുദാസിനെപ്പോലും ലജ്ജിപ്പിക്കുന്ന കേന്ദ്ര സഹമന്ത്രി കെ.വി.തോമസ് . നിരവധി പഠന സംഘങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും ഇനിയും പഠനം വേണമെന്ന് ശഠിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. വീണ്ടും അമ്മമാരുടെ രക്തവും മുലപ്പാലും ആന്തരാവയവങ്ങളും കുത്തിയെടുത്ത് പരീക്ഷണം നടത്താന്‍ പോകുന്നു പോലും, ഇനിയും ഗിനി പന്നികളാവാന്‍ തയ്യാറല്ലന്ന് കാസര്കോട്ടെ ദുരന്ത ബാധിതര്‍ പ്രഖ്യാപിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്തരാവയവങ്ങള്‍ പറിച്ചെടുത്ത് പരീക്ഷണം നടത്തിയ ഹിറ്റ്ലറെയാണ്‌ ഇവര്‍ അനന്തരം എടുക്കുന്നത്.
ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേലെ കൊടിയവിഷം ചീറ്റിയത് നമ്മുടെ സര്‍ക്കാര്‍ ഏജന്സികള്‍ തന്നെയാണ്‌. ജനസേവകര്‍ എന്നു നടിക്കുന്നവരുടെ കണ്ണുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കമ്പനിയുടെ ലാഭവിഹിതത്തിലാണ്‌. ആണ്ടറുതികളില്‍ കാസര്കോട്ട് നിന്നും അനന്തപുരിയിലേക്ക് കവാത്ത് നടത്തുന്ന ഏതെങ്കിലും രാഷ്ടിയക്കാര്‍ മുളിയാര്‍ പഞ്ചായത്തില്‍ നിന്നും ഉയരുന്ന മനുഷ്യമക്കമക്കളുടെ നിലവിളികള്‍ക്ക് കാത് കൊടുത്തിട്ടുണ്ടോ ? എന്നാലും വോട്ടെടുപ്പ് മഹോത്സവത്തിന്റെ അന്ന് ചലനമറ്റ ശരീരവും പൊക്കി പോളിങ്ങ് ബൂത്തിലേക്കോടുന്ന രാഷ്ടീയക്കാരന്റെ കുതന്ത്രമാണ്‌ കാസര്കോട് നിവാസികളെ ഗിനിപ്പന്നികളായിനിലനിര്‍ത്തുന്നത് . രാഷ്ട്രീയ നേതൃത്വത്തില്‍ മനുഷ്യത്വം നഷ്ടമായതിന്റെ പ്രതികരണങ്ങളാണ്‌ ശരത് പവാറിലൂടെയും കെ.വി. തോമസിലൂടെയും നാം കേള്‍ക്കുന്നത്. മനുഷ്യനെക്കാള്‍ മൂല്യം ഉല്പന്നങ്ങള്‍ക്കു വന്ന ഇക്കാലഘട്ടത്തില്‍ മരണത്തിന്റെ കച്ചവടക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല. മാരകമായ കീടനാശിനി പ്രയോഗത്തിലൂടെ മനുഷ്യന്‍ പിടഞ്ഞുമരിച്ചാലും വേണ്ടിയില്ല, ലാഭം മതി എന്ന ആധുനിക മുതലാളിത്വത്തിന്റെ കാഴ്ചപ്പാടാണിത്. തൊഴിലാളികളുടെ ജീവിതപ്രശ്നം പറഞ്ഞാണ്‌ എന്ഡോസള്ഫാനിന് അനുകൂലമായ അഭിപ്രായം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. മാരകമായ ക്യാന്‍സര്‍ ബാധിച്ച് അന്നനാളം നഷ്ടപെട്ടവന് എന്തിനാണ്‌ അന്നം എന്ന് നമുക്ക് തിരിച്ചു ചോദിക്കാന്‍ കഴിയണം. ഈ ചോദ്യമാണ്‌ കാസര്‍കോട്ടെ പതിനഞ്ച് പഞ്ചായത്തുകളില്‍ നിന്നും കേള്‍ക്കുന്നത്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ്
തെരുവുകളില്‍ പൊരിവെയ്‌ലത്ത് സമരം ചെയ്ത അമ്മമാരുടെയും
പിഞ്ചുകുട്ടികളുടെയും ചിത്രങ്ങള്‍ നാം വാര്‍ത്തകളിലൂടെ കണ്ടതാണ്.
പൊരിവെയ്‌ലത്ത് ആ കുരുന്നുകള്‍ കുത്തിയിരുന്നത് തങ്ങള്‍ക്കു നീതി ലഭിക്കും എന്ന് കരുതിയായിരുന്നു . ദല്‍ഹിയിലെ പത്ര സമ്മേളനത്തിലും രാഹുല്‍ ഗാന്ധിയുടെ മുന്നിലും കണ്ണുകാണാത്ത ഒന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത ആ കുട്ടികള്‍ പറഞ്ഞത് ഏത് ശിലാഹൃദയന്റെയും കരളലിയിക്കേണ്ടതാണ്, മരണത്തിനും ജീവിതത്തിനും ഇടയില്‍ മാരകരോഗവും അംഗവൈകല്യവും ബാധിച്ച് മനുഷ്യരാണോ എന്നുപോലും തോന്നുന്ന രീതിയില്‍ നരകയാതന അനുഭവിക്കുന്ന എന്റെയും നിങ്ങളുടെയും മക്കളുടെ പ്രായമുള്ള കുട്ടികളുടെ മുഖത്ത് നോക്കി പടച്ച തമ്പുരാനെ ഇവര്‍ക്ക് മരണമാണ് ഉത്തമമെങ്കില്‍ അതവര്‍ക്ക് നല്കണമേയെന്ന് പ്രാര്‍ത്ഥിക്കാന്‍ തോന്നുമാറ് ദൈന്യതയാണ് അവിടത്തെ കുട്ടികളുടേത്. നമുക്ക് അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം . അധികാരികളുടെ മുന്നില്‍ വാതുറന്നു തന്റെ വേദന പറയാന്‍ ചുണ്ടും നാവും ഇല്ലാത്ത നൂറു കണക്കിന് കുട്ടികള്‍ക്കുവേണ്ടി, ചാപിള്ളകളെ പ്രസവിക്കേണ്ടി വരുന്ന മാതാക്കള്‍ക്കുവേണ്ടി
പോരാടാം, നമുക്ക് നേരമില്ല ഇനിയും അറച്ചു നിന്നാല്‍ നമ്മുടെ തലക്കുമുകളില്‍ കുടിയും ഹെലികോപ്റ്ററുകള്‍ പറക്കും അതില്‍ നാമും നമ്മുടെ തലമുറയും ദ്രവിച്ച് ഇല്ലാതാകും .

Monday, March 28, 2011

ആന്‍ ഐഡിയ കാന്‍ ചെയ്ന്ജ് യുവര്‍ ലൈഫ്





കോണ്‍ക്രീറ്റ് കാടിന് നടുവില്‍
ശീതീകരിച്ച മുറിയില്‍
ഷയര്‍ മാര്‍ക്കറ്റിന്റെ ഡിജിറ്റല്‍ ബോര്‍ഡില്‍ പായുന്ന
അക്കങ്ങളുടെ വലിപ്പ ചെറുപ്പത്തില്‍ ഞാന്‍ ലയിച്ചിരിക്കുമ്പോള്‍

കിഴക്കെ തൊടിയും , അച്ചന്റെ നേരും, അമ്മയുടെ മടിത്തട്ടും
പൊട്ടിയ സ്ലേറ്റിന്‍റെ തുണ്ടില്‍
ആദ്യം കുറിച്ചിട്ട ആദ്യാക്ഷരങ്ങളും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.

അതിരാവിലെ വെറും വയറ്റില്‍ 'ലക്‌ട്രോസിന്‍ ഹണ്‍ഡ്രഡ് '
'ഗോയ്റ്ററിന് '
കുളികഴിഞ്ഞു വന്നാല്‍ കാലിചായക്കുമുമ്പ്
'ഡയാമൈക്രോണ്‍' ഷുഗറിന്റെ ആദ്യഗഡു.
പ്രാതലിനു ശേഷം 'ഡിയോവാന്‍' 500 mg .
'സ്ട്രോക്കിനും' അറ്റാക്കിനും ഇടയില്‍
വീണുകിട്ടിയ ജീവിതം അതേപടി നില നിര്‍ത്താന്‍.

ലഞ്ചിന് ശേഷം 'മേഫ്ഫര്‍ 500 mg.' ഷുഗറിന്റെ രണ്ടാം ഗഡു
ക്ലാവ് പിടിച്ച ഹൃദയത്തിന്റെ ഭിത്തിയില്‍അടിഞ്ഞുകൂടിയ
ദുര്‍മേദസ്സ് ഉരുക്കിക്കളയാന്‍ 'ക്രസ്ടോര്‍'
ഡിന്നറിനു ശേഷം അടിവയറ്റില്‍ ഊറിയിറങ്ങിയ അമ്ലം
കലക്കിക്കളയാന്‍ 'പ്യാരിയറ്റ്'
ഉറങ്ങാനുള്ള അവസാനത്തെ ഗുളികയും വായിലിട്ട്
ബെഡഡ് റൂമിലേക്ക് വേച്ചു വേച്ചു പോകുമ്പോള്‍
വൃദ്ധ സദനത്തിന്റെ ഇരുണ്ട മുറിയില്‍
കൊതുകും മൂട്ടയും അന്നം തേടി ഇറങ്ങുന്ന പായയില്‍
ഓര്‍മ്മകള്‍ എല്ലാം ഇറക്കി വെച്ച്
ചുരുണ്ടു കൂടുന്ന വൃദ്ധ ജന്മങ്ങളെ ഞാന്‍ എന്തിനോര്‍ക്കണം
ഓര്‍മയുടെ ചെപ്പില്‍ ഒന്നും ഉണ്ടാവരുത്.
'ആന്‍ ഐഡിയ കാന്‍ ചെയ്ന്ജ് യുവര്‍ ലൈഫ്'

Wednesday, March 2, 2011

അമ്മമനസ്സ്








'മുതിരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍
മാതാവിന്‍ മഹിമ മറക്കും
തളരുമ്പോള്‍ത്താനേ വീണ്ടൂം
തായ്‌വേരിന്‍ താങ്ങിനു കേഴും'
(സീതായനം -മധുസൂദനന്‍ നായര്)



കുടലെരിയുന്ന കടുത്ത വറുതിയിലും
ഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍

കടുത്ത രോഗപീഡയിലും ആതുരാലായത്തിന്റെ
പടിവാതിലില്‍ കുനിഞ്ഞിരുന്നു,
ചുമച്ചും,
രക്തം തുപ്പിയും,
നിനക്കുവേണ്ടി കാവലിരുന്നവള്‍.

അവള്‍
ഉറക്ക മൊഴിച്ചതും,
സ്വപ്നം കണ്ടതും
നിനക്ക് വേണ്ടി.
പൊട്ടിക്കരഞ്ഞത്‌ നിന്റെ വേദനയില്‍.
വേദനകള്‍ മറന്നത് നിന്റെ പുഞ്ചിരിയില്‍.

ഒരു വൃദ്ധസദനവും നിനക്കുപകരമാവില്ല.
ഒരു ആയയും നിന്റെ വേദന തിരിച്ചറിയില്ല
ഒരു കുന്നോളം പൊന്നു നീ നല്കിയാലും
അത് അവരുടെ ഒരു നിശ്വാസത്തിനു പകരമാവില്ല

പൊന്നു വേണ്ട, പണം വേണ്ട
ആഡംമ്പരങ്ങള്‍ ഒന്നുമേ വേണ്ട
വേണ്ടത് ഇത്ര മാത്രം.
നിന്റെ ഹൃദയം. മനസ്സ് നിറഞ്ഞ ഒരു പ്രാര്‍ത്ഥന.
അതില്‍ എല്ലാമുണ്ട്
എല്ലാം.....

Sunday, February 13, 2011

ബലിമൃഗങ്ങള്‍


'' ഇല്ല ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ ചിതയിലേക്കു പെറ്റിട്ടിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ ഉയരും മുന്‍പേ ചാരമായിട്ടുണ്ടാവില്ല "
(സച്ചിദാനന്ദന്‍)

അഹമ്മദാബാദ് നഗരത്തില്‍ നിന്നും കുറച്ചു ഉള്ളിലായി ചെമ്മണ്‍ പാത അവസാനിക്കുന്നതിനടുത്ത് കാണുന്ന ചെറിയ കടയാണ് ഞങ്ങളുടേത് , കടയെന്നൊന്നും പറയാന്‍ പറ്റില്ല കീറിയ പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ച, മുകളില്‍ ഒന്നോ രണ്ടോ ഓലകള്‍ അലസമായി ഇട്ടിരിക്കുന്ന ഒരു ഷെഡ് . അതിനു മുന്നില്‍ ഒരുകാല്‍ ഒടിഞ്ഞ ആരെ കണ്ടാലും ദൈന്യതയോടെ നോക്കുന്ന ഒരു ചാവാലി പട്ടിയെയും കാണാം . കടയുടെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന സൈക്കിളിന്റെ ടയറിന്റെയും ട്യുബിന്റെയും ഇടയില്‍ കാണുന്ന, ദേഹമാസകലം ഗ്രീസും കരി ഓയിലും പുരണ്ട, അടുത്തുവന്നാല്‍ മണ്ണണ്ണയുടെ മണം അടിക്കുന്ന കുറിയ എമ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്നയാളാണ് എന്‍റെ ഉപ്പ . ഒരു പുരുഷായുസ്സ് മുഴുവന്‍ ദുഃഖങ്ങള്‍ മാത്രം ഏറ്റു വാങ്ങിയതിന്റെ ദൈന്യത ആ മുഖത്ത് കാണാം . കടയുടെ മുന്നില്‍ കാണുന്ന, സിമന്റെ കൊണ്ട് ഉണ്ടാക്കിയ തൊട്ടിയുടെ അടുത്താണ് എന്‍റെ സൈന മരിച്ചു കിടന്നത് . അവസാനമായി ഞാന്‍ അവളെ കണ്ടത് നഗരത്തിനെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിയില്‍ സ്ഫോടനം ഉണ്ടായതിന്റെ അന്ന് വൈകിട്ടാണ്. നഗരത്തില്‍ മുഴുവനും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നതിനാല്‍ നഗരവാസികള്‍ വീട് പിടിക്കാന്‍ സൈക്കിള്‍ റിക്ഷയെ മാത്രമാണ് ആശ്രയിച്ചിരുന്നത് . അതുകൊണ്ട് തന്നെ ഉപ്പയുടെ കടയില്‍ റിക്ഷ നന്നാക്കുന്നവരുടെ നല്ല തിരക്കായിരുന്നു. ഉപ്പയെ സഹായിക്കാന്‍ ഞാനും സൈനയും കൂടി . ആറുമാസം ഗര്‍ഭിണിയായ അവളോട്‌ വേണ്ടാ എന്നു ഉപ്പയും ഞാനും പറഞ്ഞതാണ് പക്ഷെ അവള്‍ കേട്ടില്ല . അല്ലേലും അവളെ ഓരോന്ന് പറഞ്ഞ് ശുണ്ഠി പിടിപ്പിക്കാന്‍ നല്ല രസമാണ് .പക്ഷെ കഴിഞ്ഞ കുറെക്കാലമായി അതും നടക്കുന്നില്ല ഒന്ന് പൊട്ടിച്ചിരിക്കാനോ ഒരു തമാശ പറയാനോ ആര്‍ക്കും കഴിയുന്നില്ല . മൂകത തളം കെട്ടിയ അന്തരീക്ഷത്തില്‍ വല്ലപ്പോഴും എന്തങ്കിലും ഉരിയാടിയാല്‍ ആയി അത്രമാത്രം. ഉപ്പയുടെ വിലക്ക് കേള്‍ക്കാതെ, 'അവള്‍' ഉപയോഗിച്ചു ഒഴിവാക്കിയ ടയറും ട്യുബും അടുക്കി വെക്കാന്‍ തുടങ്ങി, പെട്ടന്നാണ് കടയുടെ മുമ്പില്‍ ഒരു പോലീസ് വാന്‍ വന്നു നിന്നത് . വാനില്‍ നിന്നും രണ്ടു മൂന്നു പോലീസുകാര്‍ ചാടിയിറങ്ങി എന്‍റെ നേരെ വന്നു. വന്നപാടെ നാഭിക്കിട്ടു ഒരു ചവിട്ടു തന്നു. തടയാന്‍ വന്ന ഉപ്പയെ ഒരു പോലീസുകാരന്‍ അടിവയറ്റിന് ചവിട്ടി. കടയുടെ മൂലയിലേക്ക് തെറിച്ചുവീണ ഉപ്പയുടെ മൂക്കില്‍ നിന്നും കാതില്‍ നിന്നും ചോര ഒലിക്കാന്‍ തുടങ്ങി. പാതി ജീവന്‍ പോയ ഞാന്‍ ചാടിയെണീറ്റ്, ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചു. ' "നിനകൊക്കെ പള്ളിക്ക് ബോംബ്‌ വെക്കണം അല്ലേട നായീന്റെ മോനെ" ... എന്നു ചോദിച്ചു മുഖമടച്ച് ഒരടിതന്നു, വലത്തെ കവിളിലെ രണ്ടണപ്പല്ലുകള്‍പുറത്തേക്ക് ചാടി. മരണ വെപ്രാളത്തില്‍ പിടയുന്ന എന്നെ മുന്നില്‍ നിന്നും പിന്നില്‍നിന്നും പോലീസുകാര്‍ മര്‍ദിക്കാന്‍ തുടങ്ങി അതുകണ്ട് ഓടി വന്ന സൈനയെ "പോയി തുലയടീ xxxxxxx എന്നു പറഞ്ഞു നടുവിനിട്ട്‌ ഒരു ചവിട്ടു കൊടുത്തു, കടയുടെ മുന്നിലെ കോണ്‍ക്രീറ്റ് തൊട്ടിയില്‍ അവള്‍ വയറടിച്ചു വീണു . വയറ്റില്‍ കിടന്ന കുഞ്ഞിനെ പാതി പ്രസവിച്ചു രക്തത്തില്‍ കിടന്നു പിടയുന്ന അവളുടെ മുഖം ഒരു നോക്ക് കാണുമ്പോഴേക്കും അവര്‍ എന്നെ വാനിലേക്ക് വലിച്ചെറിഞ്ഞിരുന്നു .

മാസങ്ങള്‍ക്ക് മുമ്പ് കടന്നു പോയ കരാള രാത്രികള്‍ തിരിച്ചു വരുന്നതായി അനുഭവപെട്ടു , നഗരത്തിലെവിടെയോ ക്രൂരന്മാരുടെ കൈകളാല്‍ ഒരു ട്രയിനിലെ രണ്ടോ മൂന്നോ ബോഗികളിലെ മുഴുവന്‍ മനുഷ്യ ജന്മങ്ങളും കത്തിയമര്‍ന്നതിന്റെ പാപഭാരം മുഴുവന്‍ ഏറ്റു വാങ്ങേണ്ടി വന്നത് ഞങ്ങളുടെ ചേരിയില്‍ ആയിരുന്നു . ഹൃദയത്തില്‍ ക്രൂരതയും കണ്ണില്‍ കത്തിജ്വലിക്കുന്ന കാമവും ഒരുകയ്യില്‍ പെട്രോളും മറുകയ്യില്‍ ഉരിപിടിച്ച ആയുധവുമായി ചെന്നായ്ക്കളെ പോലെ ഇരചെത്തിയ അവര്‍ കണ്ണില്‍ കണ്ടെവരെയെല്ലാം കുത്തിമലര്‍ത്തി ചിലരുടെ വായില്‍ പെട്രോള്‍ ഒഴിച്ചു തീകൊടുത്തു . അവസാനം അവര്‍ എന്‍റെ വീട്ടിലുമെത്തി ഞാനും ഉപ്പയും നഗരത്തില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നത് ഉമ്മയും സൈനയും പിന്നെ ഞങ്ങളുടെ കുഞ്ഞു പെങ്ങളും മാത്രമായിരുന്നു. സൈന വീടിന്റെ പിന്നിലൂടെ വെളിയില്‍ വന്നു ഒരു മരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു .അവര്‍ക്ക് ആദ്യം കിട്ടിയത് ഉമ്മയെ ആയിരുന്നു ഉമ്മയുടെ തലയില്‍ അവര്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി അഗ്നി ജ്വാലകള്‍ വിഴുങ്ങിയ ഉമ്മയുടെ പിടച്ചില്‍ കണ്ടു കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന കുഞ്ഞുമോള്‍ ആര്‍ത്തു നിലവിളിച്ചു. ഇരകണ്ട ചെന്നായ്ക്കളെപ്പോലെ അവര്‍ കുഞ്ഞുമോളെ കട്ടിലിനടിയില്‍ നിന്നും വലിച്ചെടുത്തു . നിലവിള്ളിച്ചുകൊണ്ട് കയ്യില്‍ നിന്നും കുതറാന്‍ ശ്രമിച്ച കുഞ്ഞുമോളെ അവര്‍ ബാലമായി പിടിച്ചു രണ്ടു കൈകളും ജനലിന്റെ രണ്ടു ഭാഗത്തായി വലിച്ചുകെട്ടി.അവളുടെ വസ്ത്രം വലിച്ചുകീറി നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായിലേക്ക് തിരുകി കൂട്ടത്തില്‍ അറുപതു വയസ്സ് തോന്നിക്കുന്നയാല്‍ അവളെ പിച്ചിച്ചീന്തി, കൂട്ടത്തിലെ മറ്റുള്ളവരും അവളെ ക്രൂരമായി കടിച്ചുകീറി, വിഷക്കാമം ശമിച്ചിട്ടുമവര്‍ എന്‍റെ കുഞ്ഞുമോളെ വിട്ടില്ല പാതി ജീവന്‍ പോയ അവളെ വലിച്ചിഴച്ചു വീടിന്റെ ഉമ്മറത്തുകൊണ്ടിട്ടു കൂട്ടത്തില്‍ ഒരു ചെന്നായ അവളുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു ജീവനോടെ ചുട്ടുകൊന്നു. മരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു ഈ ക്രൂരതകണ്ട സൈന മാസങ്ങള്‍ക്ക് ശേഷമാണ് സമനില വീണ്ടെടുത്തത്. ദുരന്തങ്ങളുടെ ഒരു ചങ്ങലതന്നെ ഞങ്ങളെ വേട്ടയാടാന്‍ തുടങ്ങി . ജയിലില്‍ എനിക്ക് നേരിടേണ്ടി വന്നത് എല്ലില്‍നിന്നും മജ്ജ വേര്‍പെടുത്തുന്ന പീഡനങ്ങള്‍ ആയിരുന്നു . തണുത്തു മരവിപ്പിച്ച റൂമില്‍ നഗനായിട്ടു നിര്‍ത്തുക. സ്റ്റുളില്‍ ഇരുത്തിയതിനുശേഷം ലിംഗത്തില്‍ വെള്ളം നിറച്ച ബക്കറ്റു കെട്ടിത്തൂക്കി , നടുവിന് അതിശക്തമായി ഇരുമ്പു ദണ്ട് കൊണ്ട്ടിച്ചു എഴുനേപ്പിക്കുക . ശരീരത്തിന്റെ മര്‍മപ്രധാനമായ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുക തുടങ്ങിയ ക്രൂരതകളണ് അവിടെ ഏല്‍ക്കേണ്ടി വന്നത് അവസാനം ചെയ്യാത്ത കുറ്റത്തിന്റെ ഉത്തരവാദിത്വം തലയില്‍ കെട്ടിവെച്ചു ശിക്ഷയും പ്രതീക്ഷിച്ചു ജയിലില്‍ കിടക്കുമ്പോള്‍ ആണ് , ട്രെയിനിലും പള്ളിക്കും ബോംബു വെച്ചത് ഒരേ കൂട്ടരാണെന്നും യഥാര്‍ത്ഥ പ്രതികള്‍ കുറ്റം സമ്മതിച്ചതിനാല്‍ ജയിലില്‍ നിന്നും മോചിപ്പിക്കുന്നു എന്നും പറഞ്ഞാണ് ഇപ്പോള്‍ തുറന്നു വിട്ടത്. പുറത്തേക്ക് ഇറങ്ങി വരുമ്പോള്‍ ഒരു ക്ഷമാപണത്തോടെ ജയിലിലെ ഉദ്യോഗസ്ഥര്‍ നോക്കി, ചിലര്‍ തോളത്തു തട്ടി സോറി പറയുകയും ചെയ്തു ഒരു ചെറിയ പുഞ്ചിരിയില്‍ ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി . പക്ഷെ പ്രതികാരാഗ്നിയില്‍ എരിഞ്ഞടങ്ങിയ ഉമ്മയും നിറയവ്വനത്തില്‍ പിടഞ്ഞു മരിച്ച സൈനയും, ബാല്യത്തിന്റെ ചാപല്യം വിട്ടുമാറും മുമ്പ് ക്രുരമായി കൊലചെയ്യപെട്ട കുഞ്ഞുപെങ്ങളും എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി ഉമിത്തീയില്‍ വെന്തു നീറുന്ന ഉപ്പയും ആര്‍ക്കാണ് മാപ്പ് കൊടുക്കുക ?

(വിധിയുടെ ബലി മൃഗങ്ങളായി , ആരുടെയൊക്കെയോ ക്രൂരതകളുടെ ഫലമായി , ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്പാലത്തിലൂടെ, തന്റെ നിരപരാധിത്വം ബോധ്യപെടുത്താന്‍ കഴിയാതെ, ജയിലുകളിലെ ഇരുണ്ട അറകളില്‍ കഴിയുന്ന പതിനായിരങ്ങള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി സാദൃശ്യം ഉണ്ടെങ്കില്‍ അത് ബോധപൂര്‍വമാണ്)

Friday, February 4, 2011

ബോര്‍


ഇന്നലെ മരിച്ച അച്ഛന്റെ മൃതശരീരം ഹോസ്പിറ്റലിനുള്ളിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുമ്പോള്‍,
തോളത്തു ബാഗും തൂക്കി , ച്യൂയിംഗവും ചവച്ചു നിലത്തു കിടന്ന ടിന്‍ കാലുകൊണ്ട്‌ തട്ടി തെറിപ്പിച്ച്, ക്ലാസ്സിലേക്ക് അലസമായി കടന്നുവന്ന കുട്ടിയെ കണ്ടു അധ്യാപകന്‍ ഞെട്ടി. തെല്ലൊരതിശയത്തോടെ അധ്യാപകന്‍ എന്തെ മോനെ ഇങ്ങനെ എന്നു ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് കുട്ടിയുടെ മറുപടി വന്നു.
ഇന്നലെ അച്ഛന്‍ ചത്തതുമുതല്‍ അമ്മ ഭയങ്കര കരച്ചിലാണ്,
എത്ര പറഞ്ഞിട്ടും കരച്ചില്‍ നിറുത്തുന്നില്ല.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനോ, ഗൈം കളിക്കാനോ, ഒരു സിനിമ കാണാനോ, സമ്മതിക്കുന്നില്ല. വീട്ടിലാണെങ്കില്‍ നിറച്ചും ഗസ്റ്റുകളും എനിക്കാണെങ്കില്‍ ബോറടിച്ചിട്ടുവയ്യ .ബോറടി മാറ്റാനാണ് ഞാന്‍ ഇങ്ങോട്ട് പോന്നത്. തൊണ്ട വരണ്ട ടീച്ചറുടെ കൈ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലേക്ക്‌ നീളുമ്പോള്‍ . കുട്ടി അതിവേഗം തന്റെ സീറ്റില്‍ പോയിരുന്നു .

(ഈ കഥയും ആദ്യം പോസ്റ്റ്‌ ചെയ്ത കഥയും സംഭവിച്ചതാണ്. ഭാവന പശ്ചാത്തലം വിവരിക്കുന്നേടത്ത് മാത്രമേ വന്നിട്ടുള്ളു, ദമ്മാം ഇന്റര്‍ നാഷണല്‍ സ്കൂളിലെ ടീച്ചര്‍ ഇത് പറയുമ്പോള്‍ ഹൃദയമിടിപ്പ്‌ നിന്നുപോകുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു.)