
'' ഇല്ല ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ ചിതയിലേക്കു പെറ്റിട്ടിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ ഉയരും മുന്‍പേ ചാരമായിട്ടുണ്ടാവില്ല "
(സച്ചിദാനന്ദന്)
അഹമ്മദാബാദ് നഗരത്തില്‍ നിന്നും കുറച്ചു ഉള്ളിലായി ചെമ്മണ് പാത അവസാനിക്കുന്നതിനടുത്ത് കാണുന്ന ചെറിയ കടയാണ് ഞങ്ങളുടേത് , കടയെന്നൊന്നും പറയാന്‍ പറ്റില്ല കീറിയ പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ച, മുകളില്‍ ഒന്നോ രണ്ടോ ഓലകള്‍ അലസമായി ഇട്ടിരിക്കുന്ന ഒരു ഷെഡ് . അതിനു മുന്നില്‍ ഒരുകാല് ഒടിഞ്ഞ ആരെ കണ്ടാലും ദൈന്യതയോടെ നോക്കുന്ന ഒരു ചാവാലി പട്ടിയെയും കാണാം . കടയുടെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന സൈക്കിളിന്റെ ടയറിന്റെയും ട്യുബിന്റെയും ഇടയില്‍ കാണുന്ന, ദേഹമാസകലം ഗ്രീസും കരി ഓയിലും പുരണ്ട, അടുത്തുവന്നാല്‍ മണ്ണണ്ണയുടെ മണം അടിക്കുന്ന കുറിയ എമ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്നയാളാണ് എന്റെ ഉപ്പ . ഒരു പുരുഷായുസ്സ് മുഴുവന്‍ ദുഃഖങ്ങള്‍ മാത്രം ഏറ്റു വാങ്ങിയതിന്റെ ദൈന്യത ആ മുഖത്ത് കാണാം . കടയുടെ മുന്നില്‍ കാണുന്ന, സിമന്റെ കൊണ്ട് ഉണ്ടാക്കിയ തൊട്ടിയുടെ അടുത്താണ് എന്റെ സൈന മരിച്ചു കിടന്നത് . അവസാനമായി ഞാന്‍ അവളെ കണ്ടത് നഗരത്തിനെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിയില്‍ സ്ഫോടനം ഉണ്ടായതിന്റെ അന്ന് വൈകിട്ടാണ്. നഗരത്തില്‍ മുഴുവനും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നതിനാല്‍ നഗരവാസികള്‍ വീട് പിടിക്കാന്‍ സൈക്കിള്‍ റിക്ഷയെ മാത്രമാണ് ആശ്രയിച്ചിരുന്നത് . അതുകൊണ്ട് തന്നെ ഉപ്പയുടെ കടയില്‍ റിക്ഷ നന്നാക്കുന്നവരുടെ നല്ല തിരക്കായിരുന്നു. ഉപ്പയെ സഹായിക്കാന്‍ ഞാനും സൈനയും കൂടി . ആറുമാസം ഗര്‍ഭിണിയായ അവളോട് വേണ്ടാ എന്നു ഉപ്പയും ഞാനും പറഞ്ഞതാണ് പക്ഷെ അവള് കേട്ടില്ല . അല്ലേലും അവളെ ഓരോന്ന് പറഞ്ഞ് ശുണ്ഠി പിടിപ്പിക്കാന്‍ നല്ല രസമാണ് .പക്ഷെ കഴിഞ്ഞ കുറെക്കാലമായി അതും നടക്കുന്നില്ല ഒന്ന് പൊട്ടിച്ചിരിക്കാനോ ഒരു തമാശ പറയാനോ ആര്‍ക്കും കഴിയുന്നില്ല . മൂകത തളം കെട്ടിയ അന്തരീക്ഷത്തില്‍ വല്ലപ്പോഴും എന്തങ്കിലും ഉരിയാടിയാല്‍ ആയി അത്രമാത്രം. ഉപ്പയുടെ വിലക്ക് കേള്‍ക്കാതെ, 'അവള്' ഉപയോഗിച്ചു ഒഴിവാക്കിയ ടയറും ട്യുബും അടുക്കി വെക്കാന്‍ തുടങ്ങി, പെട്ടന്നാണ് കടയുടെ മുമ്പില്‍ ഒരു പോലീസ് വാന്‍ വന്നു നിന്നത് . വാനില്‍ നിന്നും രണ്ടു മൂന്നു പോലീസുകാര്‍ ചാടിയിറങ്ങി എന്റെ നേരെ വന്നു. വന്നപാടെ നാഭിക്കിട്ടു ഒരു ചവിട്ടു തന്നു. തടയാന്‍ വന്ന ഉപ്പയെ ഒരു പോലീസുകാരന് അടിവയറ്റിന് ചവിട്ടി. കടയുടെ മൂലയിലേക്ക് തെറിച്ചുവീണ ഉപ്പയുടെ മൂക്കില്‍ നിന്നും കാതില്‍ നിന്നും ചോര ഒലിക്കാന്‍ തുടങ്ങി. പാതി ജീവന് പോയ ഞാന്‍ ചാടിയെണീറ്റ്, ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചു. ' "നിനകൊക്കെ പള്ളിക്ക് ബോംബ് വെക്കണം അല്ലേട നായീന്റെ മോനെ" ... എന്നു ചോദിച്ചു മുഖമടച്ച് ഒരടിതന്നു, വലത്തെ കവിളിലെ രണ്ടണപ്പല്ലുകള്‍പുറത്തേക്ക് ചാടി. മരണ വെപ്രാളത്തില്‍ പിടയുന്ന എന്നെ മുന്നില്‍ നിന്നും പിന്നില്‍നിന്നും പോലീസുകാര്‍ മര്‍ദിക്കാന്‍ തുടങ്ങി അതുകണ്ട് ഓടി വന്ന സൈനയെ "പോയി തുലയടീ xxxxxxx എന്നു പറഞ്ഞു നടുവിനിട്ട് ഒരു ചവിട്ടു കൊടുത്തു, കടയുടെ മുന്നിലെ കോണ്‍ക്രീറ്റ് തൊട്ടിയില്‍ അവള് വയറടിച്ചു വീണു . വയറ്റില്‍ കിടന്ന കുഞ്ഞിനെ പാതി പ്രസവിച്ചു രക്തത്തില്‍ കിടന്നു പിടയുന്ന അവളുടെ മുഖം ഒരു നോക്ക് കാണുമ്പോഴേക്കും അവര്‍ എന്നെ വാനിലേക്ക് വലിച്ചെറിഞ്ഞിരുന്നു .
മാസങ്ങള്‍ക്ക് മുമ്പ് കടന്നു പോയ കരാള രാത്രികള്‍ തിരിച്ചു വരുന്നതായി അനുഭവപെട്ടു , നഗരത്തിലെവിടെയോ ക്രൂരന്മാരുടെ കൈകളാല്‍ ഒരു ട്രയിനിലെ രണ്ടോ മൂന്നോ ബോഗികളിലെ മുഴുവന്‍ മനുഷ്യ ജന്മങ്ങളും കത്തിയമര്‍ന്നതിന്റെ പാപഭാരം മുഴുവന്‍ ഏറ്റു വാങ്ങേണ്ടി വന്നത് ഞങ്ങളുടെ ചേരിയില്‍ ആയിരുന്നു . ഹൃദയത്തില്‍ ക്രൂരതയും കണ്ണില്‍ കത്തിജ്വലിക്കുന്ന കാമവും ഒരുകയ്യില്‍ പെട്രോളും മറുകയ്യില്‍ ഉരിപിടിച്ച ആയുധവുമായി ചെന്നായ്ക്കളെ പോലെ ഇരചെത്തിയ അവര്‍ കണ്ണില്‍ കണ്ടെവരെയെല്ലാം കുത്തിമലര്‍ത്തി ചിലരുടെ വായില്‍ പെട്രോള്‍ ഒഴിച്ചു തീകൊടുത്തു . അവസാനം അവര്‍ എന്റെ വീട്ടിലുമെത്തി ഞാനും ഉപ്പയും നഗരത്തില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നത് ഉമ്മയും സൈനയും പിന്നെ ഞങ്ങളുടെ കുഞ്ഞു പെങ്ങളും മാത്രമായിരുന്നു. സൈന വീടിന്റെ പിന്നിലൂടെ വെളിയില്‍ വന്നു ഒരു മരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു .അവര്‍ക്ക് ആദ്യം കിട്ടിയത് ഉമ്മയെ ആയിരുന്നു ഉമ്മയുടെ തലയില്‍ അവര്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി അഗ്നി ജ്വാലകള്‍ വിഴുങ്ങിയ ഉമ്മയുടെ പിടച്ചില്‍ കണ്ടു കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന കുഞ്ഞുമോള്‍ ആര്‍ത്തു നിലവിളിച്ചു. ഇരകണ്ട ചെന്നായ്ക്കളെപ്പോലെ അവര്‍ കുഞ്ഞുമോളെ കട്ടിലിനടിയില്‍ നിന്നും വലിച്ചെടുത്തു . നിലവിള്ളിച്ചുകൊണ്ട് കയ്യില്‍ നിന്നും കുതറാന്‍ ശ്രമിച്ച കുഞ്ഞുമോളെ അവര്‍ ബാലമായി പിടിച്ചു രണ്ടു കൈകളും ജനലിന്റെ രണ്ടു ഭാഗത്തായി വലിച്ചുകെട്ടി.അവളുടെ വസ്ത്രം വലിച്ചുകീറി നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായിലേക്ക് തിരുകി കൂട്ടത്തില്‍ അറുപതു വയസ്സ് തോന്നിക്കുന്നയാല്‍ അവളെ പിച്ചിച്ചീന്തി, കൂട്ടത്തിലെ മറ്റുള്ളവരും അവളെ ക്രൂരമായി കടിച്ചുകീറി, വിഷക്കാമം ശമിച്ചിട്ടുമവര്‍ എന്റെ കുഞ്ഞുമോളെ വിട്ടില്ല പാതി ജീവന് പോയ അവളെ വലിച്ചിഴച്ചു വീടിന്റെ ഉമ്മറത്തുകൊണ്ടിട്ടു കൂട്ടത്തില്‍ ഒരു ചെന്നായ അവളുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു ജീവനോടെ ചുട്ടുകൊന്നു. മരത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു ഈ ക്രൂരതകണ്ട സൈന മാസങ്ങള്‍ക്ക് ശേഷമാണ് സമനില വീണ്ടെടുത്തത്. ദുരന്തങ്ങളുടെ ഒരു ചങ്ങലതന്നെ ഞങ്ങളെ വേട്ടയാടാന്‍ തുടങ്ങി . ജയിലില്‍ എനിക്ക് നേരിടേണ്ടി വന്നത് എല്ലില്‍നിന്നും മജ്ജ വേര്‍പെടുത്തുന്ന പീഡനങ്ങള്‍ ആയിരുന്നു . തണുത്തു മരവിപ്പിച്ച റൂമില്‍ നഗനായിട്ടു നിര്‍ത്തുക. സ്റ്റുളില്‍ ഇരുത്തിയതിനുശേഷം ലിംഗത്തില്‍ വെള്ളം നിറച്ച ബക്കറ്റു കെട്ടിത്തൂക്കി , നടുവിന് അതിശക്തമായി ഇരുമ്പു ദണ്ട് കൊണ്ട്ടിച്ചു എഴുനേപ്പിക്കുക . ശരീരത്തിന്റെ മര്‍മപ്രധാനമായ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുക തുടങ്ങിയ ക്രൂരതകളണ് അവിടെ ഏല്‍ക്കേണ്ടി വന്നത് അവസാനം ചെയ്യാത്ത കുറ്റത്തിന്റെ ഉത്തരവാദിത്വം തലയില്‍ കെട്ടിവെച്ചു ശിക്ഷയും പ്രതീക്ഷിച്ചു ജയിലില്‍ കിടക്കുമ്പോള്‍ ആണ് , ട്രെയിനിലും പള്ളിക്കും ബോംബു വെച്ചത് ഒരേ കൂട്ടരാണെന്നും യഥാര്‍ത്ഥ പ്രതികള്‍ കുറ്റം സമ്മതിച്ചതിനാല്‍ ജയിലില്‍ നിന്നും മോചിപ്പിക്കുന്നു എന്നും പറഞ്ഞാണ് ഇപ്പോള്‍ തുറന്നു വിട്ടത്. പുറത്തേക്ക് ഇറങ്ങി വരുമ്പോള്‍ ഒരു ക്ഷമാപണത്തോടെ ജയിലിലെ ഉദ്യോഗസ്ഥര്‍ നോക്കി, ചിലര്‍ തോളത്തു തട്ടി സോറി പറയുകയും ചെയ്തു ഒരു ചെറിയ പുഞ്ചിരിയില്‍ ഞാന്‍ അവര്‍ക്ക് മറുപടി നല്കി . പക്ഷെ പ്രതികാരാഗ്നിയില്‍ എരിഞ്ഞടങ്ങിയ ഉമ്മയും നിറയവ്വനത്തില്‍ പിടഞ്ഞു മരിച്ച സൈനയും, ബാല്യത്തിന്റെ ചാപല്യം വിട്ടുമാറും മുമ്പ് ക്രുരമായി കൊലചെയ്യപെട്ട കുഞ്ഞുപെങ്ങളും എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി ഉമിത്തീയില്‍ വെന്തു നീറുന്ന ഉപ്പയും ആര്‍ക്കാണ് മാപ്പ് കൊടുക്കുക ?
(വിധിയുടെ ബലി മൃഗങ്ങളായി , ആരുടെയൊക്കെയോ ക്രൂരതകളുടെ ഫലമായി , ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്പാലത്തിലൂടെ, തന്റെ നിരപരാധിത്വം ബോധ്യപെടുത്താന്‍ കഴിയാതെ, ജയിലുകളിലെ ഇരുണ്ട അറകളില്‍ കഴിയുന്ന പതിനായിരങ്ങള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി സാദൃശ്യം ഉണ്ടെങ്കില്‍ അത് ബോധപൂര്‍വമാണ്)