
കോണ്‍ക്രീറ്റ് കാടിന് നടുവില്‍
ശീതീകരിച്ച മുറിയില്‍
ഷയര്‍ മാര്‍ക്കറ്റിന്റെ ഡിജിറ്റല്‍ ബോര്‍ഡില്‍ പായുന്ന
അക്കങ്ങളുടെ വലിപ്പ ചെറുപ്പത്തില്‍ ഞാന്‍ ലയിച്ചിരിക്കുമ്പോള്‍
കിഴക്കെ തൊടിയും , അച്ചന്റെ നേരും, അമ്മയുടെ മടിത്തട്ടും
പൊട്ടിയ സ്ലേറ്റിന്റെ തുണ്ടില്‍
ആദ്യം കുറിച്ചിട്ട ആദ്യാക്ഷരങ്ങളും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.
അതിരാവിലെ വെറും വയറ്റില്‍ 'എലക്ട്രോസിന് ഹണ്‍ഡ്രഡ് '
'ഗോയ്റ്ററിന് '
കുളികഴിഞ്ഞു വന്നാല്‍ കാലിചായക്കുമുമ്പ്
'ഡയാമൈക്രോണ്' ഷുഗറിന്റെ ആദ്യഗഡു.
പ്രാതലിനു ശേഷം 'ഡിയോവാന്‍' 500 mg .
'സ്ട്രോക്കിനും' അറ്റാക്കിനും ഇടയില്‍
വീണുകിട്ടിയ ജീവിതം അതേപടി നില നിര്‍ത്താന്‍.
ലഞ്ചിന് ശേഷം 'മേഫ്ഫര് 500 mg.' ഷുഗറിന്റെ രണ്ടാം ഗഡു
ക്ലാവ് പിടിച്ച ഹൃദയത്തിന്റെ ഭിത്തിയില്അടിഞ്ഞുകൂടിയ
ദുര്‍മേദസ്സ് ഉരുക്കിക്കളയാന്‍ 'ക്രസ്ടോര്'
ഡിന്നറിനു ശേഷം അടിവയറ്റില്‍ ഊറിയിറങ്ങിയ അമ്ലം
കലക്കിക്കളയാന്‍ 'പ്യാരിയറ്റ്'
ഉറങ്ങാനുള്ള അവസാനത്തെ ഗുളികയും വായിലിട്ട്
ബെഡഡ് റൂമിലേക്ക് വേച്ചു വേച്ചു പോകുമ്പോള്‍
വൃദ്ധ സദനത്തിന്റെ ഇരുണ്ട മുറിയില്‍
കൊതുകും മൂട്ടയും അന്നം തേടി ഇറങ്ങുന്ന പായയില്‍
ഓര്‍മ്മകള്‍ എല്ലാം ഇറക്കി വെച്ച്
ചുരുണ്ടു കൂടുന്ന വൃദ്ധ ജന്മങ്ങളെ ഞാന്‍ എന്തിനോര്‍ക്കണം
ഓര്‍മയുടെ ചെപ്പില്‍ ഒന്നും ഉണ്ടാവരുത്.
'ആന്‍ ഐഡിയ കാന്‍ ചെയ്ന്ജ് യുവര്‍ ലൈഫ്'