
കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമര്‍ക്കരുത്
കന്നിന് മുലപ്പാല്‍ കൊതിക്കരുത്
പൂവിന്റെ കണ്ണില്‍ നീ നോക്കരുത്
പൂതനാ തന്ത്രം പുരണ്ടാതാണെങ്ങും "
വര്‍ഷങ്ങള്‍ക്കുമുമ്പ് കടമ്മനിട്ടയുടെ ഈ വരികള്‍ വായിക്കുമ്പോള്‍ കവിയുടെ അതിഭാവുകത്വമാണെന്നെ കരുതിയുള്ളു, പിറന്ന് വീഴുന്ന കുഞ്ഞ് അമ്മിഞ്ഞപ്പാലിന് കരയുമ്പോള്‍ തന്റെ മാറിടം ചുരത്തുന്നത്
വിഷമായതിനാല്‍ അതുകൊടുക്കാന്‍ കഴിയാതെ ഏങ്ങിക്കരഞ്ഞാല് കണ്ണില്‍ നിന്നും വീഴുന്ന വിഷനീര് ഭയന്ന് ദു:ഖം ഉള്ളില്‍ ഒതുക്കുന്ന അമ്മമാരെകുറിച്ച് കേട്ടിട്ടുണ്ടോ?, പ്രയാസത്തിനുമേല്‍ പ്രയാസം സഹിച്ച് ചാപിള്ളകളെ പ്രസവിക്കുന്ന അമ്മമാര്‍ അവിടെയുണ്ട്. കശുവണ്ടിയുടെ രൂപത്തില്‍ തലവളരുന്ന കുഞ്ഞുമക്കള്‍, ഭാരം ചുമക്കേണ്ട തലയില്‍ തല തന്നെ ഭാരമായി തീര്‍ന്ന തന്നെ, സുഖമായി ജീവിക്കാന്‍ അനുവദിക്കാത്ത മനുഷ്യരോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി അകാലത്തില്‍ പൊലിഞ്ഞുപോയ പിഞ്ചുമക്കള്‍, ജനിച്ചനാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ നില വിളി നമ്മെ അലോസരപ്പെടുത്തുന്നില്ലേ?

അസഹനീയമായ വേദന സഹിക്കാന്‍ കഴിയാതെ ഒന്നുറക്കെ കരയുവാന്‍ കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍, ജനിച്ച നാള് മുതല്‍ നിവര്‍ന്ന്
നില്ക്കാന് കഴിയാതെ ഇന്നും തറയില്‍ ഇഴയുന്ന യൌവ്വനങ്ങള്‍, മാനസിക നിലതെറ്റി പിച്ചും പേയും പറയുന്നവര്‍ പലതരത്തിലുള്ള ക്യാന്‍സര്‍ ബാധിച്ചവര്‍ ദേഹം മുഴുവന്‍ പൊട്ടി പിളര്‍ന്നു വ്രണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍, സഹോദരിയുടെ നിസ്സഹായാവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്കിറങ്ങിയ കൌമാരങ്ങള്‍, യുവത്വത്തില്‍ എത്തിയ മകന്റെ പാതി തളര്‍ന്ന ശരീരം തോളിലേറ്റി പൊട്ടിക്കരയുന്ന അമ്മമാര്‍. ഇത് അമേരിക്ക വിയ റ്റ്നാമില്‍ രാസായുധം പ്രയോഗിച്ചതിന്റെ ഫലമായി ജനിതക വൈകല്യം ബാധിച്ച തലമുറകളുടെ കഥയല്ല, യൂണിയന് കാര്‍ബൈഡ് ചോര്‍ന്നു സെക്കന്റിന്റെ നൂറിലൊരംശത്തില്‍ പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ച ആയിരങ്ങളുടെ പിന്തലമുറയുടെ കഥയുമല്ല, നിരന്തര രാസായുധ അണ്വായുധ പ്രയോഗത്തിലൂടെ തലമുറകള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാക്കിലെയും അഫ്ഗാനിലെയും നിരാലമ്പരായ ജനതയുടെ കഥയുമല്ല . അഭിമാനത്തിലും അതിലുപരി അഹങ്കാരത്തിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് മലയാളികള്‍ ഗീര്‍വാണം മുഴക്കുന്ന നമ്മുടെ കൊച്ചുകേരളത്തിന്റെ യാഥാര്‍ത്ഥ്യമാണ്. സാംസ്കാരിക കേരളത്തിലെ പ്രബുദ്ധ ജനതയോട് കാസര്‍കോടും കേരളത്തിലാണ് എന്ന് പറയേണ്ട ഗതികേടാണുള്ളത്. ഒബാമയുടെ പാട്ടും നൃത്തവുമായി നമ്മുടെ മന്ത്രി പുംഗവന്മാര് ആര്‍ത്തുല്ലസിക്കുമ്പോള്‍ ഇരുപത്തിയൊന്നു വര്‍ഷം ജീവച്ഛവമായി ജീവിച്ച കവിത എന്ന സഹോദരി

ജീവിതവുമായി മല്ലടിച്ചു അവസാനം മരണത്തിനു കീഴടങ്ങി. കവിതയെ അറിയില്ലേ നാവിനു മാരകമായ ക്യാന്‍സര്‍ ബാധിച്ച് നാവു വായിനുള്ളിലേക്ക് ഒന്ന് ഇടുവാന്‍ പോലും കഴിയാതെ കടുത്ത വേദന കടിച്ചിറക്കുമ്പോഴും ഒരു വേദന സംഹാരി പോലും കഴിക്കുവാന്‍ പറ്റാതെ മരണത്തിനു കീഴടങ്ങിയ നമ്മുടെ
സഹോദരി, ഇങ്ങനെ എത്രയെത്ര പേര്, മത്തങ്ങയെക്കാള്‍ വലിപ്പമുള്ള തലയുമായി ശരീരം വളരുന്നതിനേക്കാള്‍
വേഗത്തില്‍ തലവളര്‍ന്ന് മലയാളിയുടെ കപട സാംസ്കാരിക ബോധത്തിനുമേല്‍ കൊഞ്ഞനം കുത്തികൊണ്ട് നിങ്ങളുടെയൊന്നും കൂടെ ജീവിക്കാന്‍ കൊള്ളില്ലടോ എന്ന് മന്ത്രിച്ചുകൊണ്ട് മരണത്തിനു കീഴടങ്ങിയ എട്ടുമാസം പ്രായമായ സൈനബ, ഇരുപതിന്റെ നിറവിലും അഞ്ചു വയസ്സുകാരന്റെ ശാരീരിക വളര്‍ച്ച പോലുമില്ലാത്ത നാരായണന് നായിക്ക്, കവിതയുടെ നിത്യ രോഗിയായ സഹോദരന് നാരായണന് ... അതിര്‍ത്തി ഗ്രാമമായ
അരൂരില്‍ കഴിഞ്ഞ അഞ്ചു വരഷത്തിനുള്ളില്‍ പിടഞ്ഞു മരിച്ച മുന്നൂറ് മനുഷ്യാത്മാക്കള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ആറുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള അഞ്ചു പിഞ്ചു കുട്ടികള്‍ മരിച്ച മഞ്ഞമ്പാറയിലെ കുടുംബങ്ങള്‍, അതിലെ അവസാനത്തെ കണ്ണി മുഹമ്മദ് മുക്താദ. ഒന്നര വര്‍ഷം ഒരിറ്റു മുലപ്പാല്‍ പോലും കുടിക്കാതെ ഈ ലോകത്തോട് യാത്ര പറഞ്ഞ മുജീബ, ഒരു കണക്കിലുംപ്പെടാതെ ജീവന് ബലിനല്‍കിയ എത്രയോ ജന്മങ്ങള്. എന്നിട്ടും നമ്മുടെ അധികാരികളുടെ കണ്ണ് തുറക്കുന്നില്ല. മനുഷ്യമക്കളുടെ രക്തം ഊറ്റിക്കുടിക്കുന്ന രക്ത രക്ഷസുകളായി അവര്‍ വളര്‍ന്നു നില്ക്കുന്നു, പത്ത് വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുത്ത യുദാസിനെപ്പോലും ലജ്ജിപ്പിക്കുന്ന കേന്ദ്ര സഹമന്ത്രി കെ.വി.തോമസ് . നിരവധി പഠന സംഘങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും ഇനിയും പഠനം വേണമെന്ന് ശഠിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. വീണ്ടും അമ്മമാരുടെ രക്തവും മുലപ്പാലും ആന്തരാവയവങ്ങളും കുത്തിയെടുത്ത് പരീക്ഷണം നടത്താന്‍ പോകുന്നു പോലും, ഇനിയും ഗിനി പന്നികളാവാന്‍ തയ്യാറല്ലന്ന് കാസര്‍കോട്ടെ ദുരന്ത ബാധിതര്‍ പ്രഖ്യാപിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്തരാവയവങ്ങള്‍ പറിച്ചെടുത്ത് പരീക്ഷണം നടത്തിയ ഹിറ്റ്ലറെയാണ് ഇവര്‍ അനന്തരം എടുക്കുന്നത്.

ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേലെ കൊടിയവിഷം ചീറ്റിയത് നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണ്. ജനസേവകര്‍ എന്നു നടിക്കുന്നവരുടെ കണ്ണുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കമ്പനിയുടെ ലാഭവിഹിതത്തിലാണ്. ആണ്ടറുതികളില്‍ കാസര്‍കോട്ട് നിന്നും അനന്തപുരിയിലേക്ക് കവാത്ത് നടത്തുന്ന ഏതെങ്കിലും രാഷ്ടിയക്കാര്‍ മുളിയാര്‍ പഞ്ചായത്തില്‍ നിന്നും ഉയരുന്ന മനുഷ്യമക്കമക്കളുടെ നിലവിളികള്‍ക്ക് കാത് കൊടുത്തിട്ടുണ്ടോ ? എന്നാലും വോട്ടെടുപ്പ് മഹോത്സവത്തിന്റെ അന്ന് ചലനമറ്റ ശരീരവും പൊക്കി പോളിങ്ങ് ബൂത്തിലേക്കോടുന്ന രാഷ്ടീയക്കാരന്റെ കുതന്ത്രമാണ് കാസര്‍കോട് നിവാസികളെ ഗിനിപ്പന്നികളായിനിലനിര്ത്തുന്നത് . രാഷ്ട്രീയ നേതൃത്വത്തില്‍ മനുഷ്യത്വം നഷ്ടമായതിന്റെ പ്രതികരണങ്ങളാണ് ശരത് പവാറിലൂടെയും കെ.വി. തോമസിലൂടെയും നാം കേള്‍ക്കുന്നത്. മനുഷ്യനെക്കാള്‍ മൂല്യം ഉല്പന്നങ്ങള്ക്കു വന്ന ഇക്കാലഘട്ടത്തില്‍ മരണത്തിന്റെ കച്ചവടക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല. മാരകമായ കീടനാശിനി പ്രയോഗത്തിലൂടെ മനുഷ്യന് പിടഞ്ഞുമരിച്ചാലും വേണ്ടിയില്ല, ലാഭം മതി എന്ന ആധുനിക മുതലാളിത്വത്തിന്റെ കാഴ്ചപ്പാടാണിത്. തൊഴിലാളികളുടെ ജീവിതപ്രശ്നം പറഞ്ഞാണ് എന്ഡോസള്ഫാനിന് അനുകൂലമായ അഭിപ്രായം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. മാരകമായ ക്യാന്‍സര്‍ ബാധിച്ച് അന്നനാളം നഷ്ടപെട്ടവന് എന്തിനാണ് അന്നം എന്ന് നമുക്ക് തിരിച്ചു ചോദിക്കാന്‍ കഴിയണം. ഈ ചോദ്യമാണ് കാസര്‍കോട്ടെ പതിനഞ്ച് പഞ്ചായത്തുകളില്‍ നിന്നും കേള്‍ക്കുന്നത്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ്
തെരുവുകളില്‍ പൊരിവെയ്ലത്ത് സമരം ചെയ്ത അമ്മമാരുടെയും

പിഞ്ചുകുട്ടികളുടെയും ചിത്രങ്ങള്‍ നാം വാര്‍ത്തകളിലൂടെ കണ്ടതാണ്.
പൊരിവെയ്ലത്ത് ആ കുരുന്നുകള്‍ കുത്തിയിരുന്നത് തങ്ങള്‍ക്കു നീതി ലഭിക്കും എന്ന് കരുതിയായിരുന്നു . ദല്‍ഹിയിലെ പത്ര സമ്മേളനത്തിലും രാഹുല്‍ ഗാന്ധിയുടെ മുന്നിലും കണ്ണുകാണാത്ത ഒന്ന് എഴുന്നേറ്റു നില്ക്കാന് പോലും ത്രാണിയില്ലാത്ത ആ കുട്ടികള്‍ പറഞ്ഞത് ഏത് ശിലാഹൃദയന്റെയും കരളലിയിക്കേണ്ടതാണ്, മരണത്തിനും ജീവിതത്തിനും ഇടയില്‍ മാരകരോഗവും അംഗവൈകല്യവും ബാധിച്ച് മനുഷ്യരാണോ എന്നുപോലും തോന്നുന്ന രീതിയില്‍ നരകയാതന അനുഭവിക്കുന്ന എന്റെയും നിങ്ങളുടെയും മക്കളുടെ പ്രായമുള്ള കുട്ടികളുടെ മുഖത്ത് നോക്കി പടച്ച തമ്പുരാനെ ഇവര്‍ക്ക് മരണമാണ് ഉത്തമമെങ്കില്‍ അതവര്‍ക്ക് നല്കണമേയെന്ന് പ്രാര്‍ത്ഥിക്കാന്‍ തോന്നുമാറ് ദൈന്യതയാണ് അവിടത്തെ കുട്ടികളുടേത്. നമുക്ക് അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം . അധികാരികളുടെ മുന്നില്‍ വാതുറന്നു തന്റെ വേദന പറയാന്‍ ചുണ്ടും നാവും ഇല്ലാത്ത നൂറു കണക്കിന് കുട്ടികള്‍ക്കുവേണ്ടി, ചാപിള്ളകളെ പ്രസവിക്കേണ്ടി വരുന്ന മാതാക്കള്ക്കുവേണ്ടി

പോരാടാം, നമുക്ക് നേരമില്ല ഇനിയും അറച്ചു നിന്നാല്‍ നമ്മുടെ തലക്കുമുകളില്‍ കുടിയും ഹെലികോപ്റ്ററുകള്‍ പറക്കും അതില്‍ നാമും നമ്മുടെ തലമുറയും ദ്രവിച്ച് ഇല്ലാതാകും .